പരവൂർ: പൂതക്കുളം, ചിറക്കര പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന മുക്കാട്ട്കുന്ന് - കാട്ടിക്കട റോഡ് പൊട്ടിപ്പൊളിഞ്ഞു. മഴക്കാലമായതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനടയാത്ര പോലും ദുരിതത്തിലായിരിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് ഈ റോഡ്. റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും എം.എൽ.എക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി തവണ ഗ്രാമസഭയിൽ പ്രമേയം പാസാക്കി അയച്ചിട്ടും റോഡ് പുനർനിർമ്മിക്കാൻ നടപടിയായില്ല.
അതേസമയം റോഡിന്റെ തകർച്ചയ്ക്ക് കാരണം പ്രദേശത്ത് പ്രവർത്തിക്കുന്ന ടാർപ്ളാന്റിലേക്ക് ദിനംപ്രതി ലോഡുമായി വരുന്ന ലോറികളാണെന്നും ആരോപണമുണ്ട്. അടിയന്തരമായി റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. പ്ളാന്റിലേക്കുള്ള ടോറസ് ലോറികളുടെ ഇതുവഴിയുള്ള സഞ്ചാരം അവസാനിപ്പിക്കണമെന്ന് വാർഡ് മെമ്പർ വി.കെ. സുനിൽകുമാർ ആവശ്യപ്പെട്ടു.