അന്തിയുറങ്ങാൻ അഗതികളില്ല
കൊല്ലം: അഗതികളായ സ്ത്രീകൾക്ക് അന്തിയുറങ്ങാൻ നഗരസഭ ഒരുക്കിയ 'നിദ്ര' നൈറ്റ് ഷെൽട്ടർ പിറന്നതിന്റെ പിറ്റേന്നാൾ മുതൽ ഉറക്കത്തിൽ. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ നൈറ്റ് ഷെൽട്ടർ ഒരുദിവസം പോലും പ്രവർത്തിച്ചിട്ടില്ല.
നഗരസഭയിലെ നാഷണൽ അർബൻ ലൈവ്‌ലിഹുഡ് മിഷന്റെ (എൻ.യു.എൽ.എം) നേതൃത്വത്തിലാണ് ഷെൽട്ടർ ഒരുക്കിയത്. ചിന്നക്കട ഷാ ഹോട്ടലിന് പിന്നിലെ അംഗൻവാടിയുടെ മുകളിലത്തെ നിലയിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നാല് ലക്ഷം രൂപ ചെലവിലാണ് സൗകര്യങ്ങളൊരുക്കിയത്.
രാത്രികാലങ്ങളിൽ അന്തിയുറങ്ങാൻ പത്ത് കട്ടിലുകളും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സംവിധാനങ്ങളുമുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ തുറന്നിരിക്കേണ്ട കേന്ദ്രം ഇപ്പോൾ താഴിട്ട് പൂട്ടിയിരിക്കുകയാണ്.
ആരംഭിച്ചത് സർവേയുടെ അടിസ്ഥാനത്തിൽ
എൻ.യു.എൽ.എം ജീവനക്കാർ സർവേ നടത്തി നഗരത്തിൽ നിരവധി സ്ത്രീകൾ തെരുവിൽ അന്തിയുറങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നൈറ്റ് ഷെൽട്ടർ ആരംഭിച്ചത്. ആദ്യ രണ്ട് ദിവസം എൻ.യു.എൽ.എം ജീവനക്കാർ അഗതികൾക്കായി കാത്തിരുന്നു. എന്നാൽ ആരുമെത്തിയില്ല. ഇതോടെ ജീവനക്കാർ കേന്ദ്രം പൂട്ടി മടങ്ങി. അഗതികളായ സ്ത്രീകളെ കണ്ടെത്തി ഇവിടേക്ക് കൊണ്ടുവരാനോ നടത്തിപ്പിനായി കെയർടേക്കറെ നിയമിക്കാനോ ബന്ധപ്പെട്ടവരും തയ്യാറായിട്ടില്ല.
'' പലതവണ വിളിച്ചിട്ടും ഇവിടേക്ക് വരാൻ ആരും തയ്യാറാകുന്നില്ല. പൂട്ടിയിടുമെന്ന ഭയമാകാം. ഒരുതവണ വന്ന് കഴിഞ്ഞാൽ സ്ഥിരമായെത്തും. തെരുവിൽ അന്തിയുറങ്ങുന്ന സ്ത്രീകളെ രാത്രികാലങ്ങളിൽ നേരിട്ട് പോയി കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി ഇവിടേക്ക് കൊണ്ടുവരാൻ ശ്രമിക്കും.''
എസ്. ഗീതാകുമാരി (നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ)
ചെലവഴിച്ചത് 4 ലക്ഷം രൂപ
രാത്രിയിൽ തെരുവിൽ ഉറങ്ങണ്ട
സ്ത്രീകൾ രാത്രികാലങ്ങളിൽ തെരുവിൽ ഉറങ്ങുന്നതിന് വിരാമമിടാനാണ് ഷെൽട്ടർ ആരംഭിച്ചത്. രാത്രി ഏത് സമയത്തും ഇവിടേക്ക് കടന്നുവരാം. എന്നാൽ രാവിലെ മടങ്ങണം. ഒരാൾക്ക് എത്രദിവസം വേണമെങ്കിലും തങ്ങാം.