thanni
ശക്തമായ കടലാക്രമണത്തിൽ ഇരവിപുരം - കൊല്ലം തീരദേശ പാത തകർന്ന നിലയിൽ

 സംരക്ഷണം ആവശ്യപ്പെട്ട് ജനങ്ങൾ ഇറിഗേഷൻ ഓഫീസിലേക്ക് തള്ളിക്കയറി

കൊല്ലം: കൂറ്റൻ തിരമാലകൾ ഇരവിപുരത്തിന്റെ തീരദേശമേഖലകൾ ഇന്നലെയും കവർന്നു. കാക്കത്തോപ്പ്, കളീക്കൽ ഭാഗങ്ങളിലാണ് അതിരൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നത്. കടൽക്ഷോഭത്തിൽ നിന്ന് തീരമേഖലയെ സംരക്ഷിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജനങ്ങളുടെ പ്രതിഷേധങ്ങളും ശക്തമാവുകയാണ്.

കാക്കത്തോപ്പ് തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്യത്തിൽ ഇന്നലെ ജനങ്ങൾ കൊല്ലം ഇറിഗേഷൻ ഓഫീസിലേക്ക് തള്ളിക്കയറി. ഇരവിപുരത്തിന്റെ തീരദേശ ജനതയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക വഴിയായ തീരദേശപാത അനുദിനം കടലെടുക്കുകയാണ്. റോഡ് മുറിഞ്ഞ് പോകുന്നത് തടയാൻ അതിവേഗ നടപടിയാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സത്വര നടപടികൾ ഉണ്ടാകുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടർന്നാണ് ജനങ്ങൾ പിരിഞ്ഞ് പോകാൻ തയ്യാറായത്.

കടലാക്രമണത്തിൽ നിന്ന് ഇരവിപുരത്തെ രക്ഷിക്കാൻ കടൽ ഭിത്തിയുടെയും പുലിമുട്ടുകളുടെയും നിർമ്മാണം വൈകരുതെന്ന ആവശ്യത്തിലാണ് ജനങ്ങൾ. ദുരിതമനുഭവിക്കുന്ന തീരദേശ മേഖലയിൽ ഇന്നലെ എൻ.കെ. പ്രേമചന്ദ്രൻ എം.പി സന്ദർശനം നടത്തി.

 പുലിമുട്ടുകൾ തകർത്ത്...

ഇന്നലെ കടൽ കൂടുതൽ പ്രക്ഷുബ്‌ധമായിരുന്നു. പുലിമുട്ടുകൾക്ക് മുകളിൽ കൂടി കൂറ്റൻ തിരമാലകൾ തീരത്തേക്ക് അടിച്ച് കയറുകയാണ്. ശക്തമായ തിരമാലകളേറ്റ് ഗാർഫിൽ നഗറിനടുത്ത് പുലിമുട്ടുകളുടെ വശങ്ങൾ തകർന്നു. തീരദേശപാതയിലെ മറ്റ് ഭാഗങ്ങളിലും തിരമാലകളുടെ കരുത്തിൽ പുലിമുട്ടുകൾ തകരുന്നുണ്ട്.