fisherman-house
ശക്തമായ കാറ്റിൽ കൊല്ലം വാടിയിൽ ലോറൻസിന്റെ വീടിന്റെ മേൽക്കൂര പറന്ന് പോയപ്പോൾ

 വാടിയിൽ വീടിന്റെ മേൽക്കൂര പറന്ന് പോയി

കൊല്ലം: തീരദേശത്ത് കടലാക്രമണത്തിനൊപ്പം ഇന്നലെ കാറ്റും ശക്തമായി. ഇന്നലെ പുലർച്ചെ മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ വാടിയിൽ വീടിന്റെ മേൽക്കൂര പൂർണ്ണമായും പറന്ന് പോയി.

വാടി സ്വദേശി ഫ്രാങ്ക്ലിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് കാറ്റെടുത്തത്. സമീപത്തെ ട്രാൻസ്‌ഫോമറിന്റെ മുകളിൽ കൂടി പറന്ന് മേൽക്കൂര നിലത്ത് പതിച്ചു. ചുവരിന്റെ ഇഷ്‌ടിക അടർന്ന് വീണ് പരിക്കേറ്റ ഫ്രാങ്ക്ലിനെ (50) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ശക്തമായ കാറ്റിൽ നിലച്ച വൈദ്യുതി ബന്ധം മണിക്കൂറുകൾക്ക് ശേഷമാണ് പുനഃസ്ഥാപിക്കാനായത്. കാറ്റ് വീണ്ടും ശക്തമായാൽ തീരദേശത്തെ അനവധി ചെറിയ വീടുകൾ തകരാനുള്ള സാധ്യതയേറെയാണ്.

തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണവും മഴയും തീരദേശത്തെ ജീവിതം ദുസഹമാക്കുകയാണ്. സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യത്തിലാണ് തീരദേശത്തെ ജനങ്ങൾ.