റോഡിന് നീളം: 1.50 കി.മീ
ടാർ ചെയ്ത്: 10വർഷം മുമ്പ്
അറ്റകുറ്റപ്പണിക്ക് വേണ്ടത്: 30 ലക്ഷം
പത്തനാപുരം: വിളക്കുടി ഗ്രാമ പഞ്ചായത്ത് കുളപ്പുറം വാർഡിലെ ജനങ്ങളുടെ ആശ്രയമായ പൊതുറോഡ് തകർന്നിട്ട് നാളേറെയായിട്ടും മറുപടിയില്ലാതെ അധികൃതർ.
വിളക്കുടി ആവണീശ്വരം-റെയിൽവേ സ്റ്റേഷൻ റോഡാണ് കഴിഞ്ഞ എട്ടുവർഷമായി തകർന്നടിഞ്ഞ് കിടക്കുന്നത്. മഴക്കാലം കൂടി വിരുന്നെത്തിയതോടെ കാൽനട യാത്രപോലും ദുസഹമായ അവസ്ഥയിലാണ് ജനങ്ങൾ. വിഷയത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കമുള്ളവരോട് പരാതി പറഞ്ഞ് മടുത്തെന്നും പ്രശ്നപരിഹാരത്തിനായി ഇനി ഏത് വാതിലിൽ മുട്ടണമെന്നുമുള്ള സംശയത്തിലാണിവർ.
പത്ത് വർഷം മുമ്പാണ് റോഡിൽ അവസാനമായി ടാറിംഗ് നടത്തിയത്. അന്നുതൊട്ടിന്നുവരെ യാതൊരു അറ്റകുറ്റപ്പണികളും ഇവിടെ ഉണ്ടായിട്ടില്ല. ഒന്നര കിലോമീറ്റർ മാത്രമാണ് റോഡിന് നീളമുള്ളത്. ഇതിൽ തകരാൻ അൽപം പോലും ബാക്കിയില്ല. ഭൂരിഭാഗം സ്ഥലത്തും നടുവൊടിയുന്ന തരത്തിലുള്ള വൻ ഗർത്തങ്ങളാണുള്ളത്. ഇതിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രികരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പലർക്കും ഇതിനോടകം തെന്നിവീണ് പരിക്കേറ്റു.
റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങൾ ഇതുവഴി സർവീസ് നടത്താൻ വിസമ്മതിക്കുകയാണ്. ഇരട്ടി ചാർജ്ജ് നൽകാമെന്ന് പറഞ്ഞാലും ആരും എത്താറില്ല. രോഗികളെയടക്കം ആശുപത്രിയിലെത്തിക്കുന്നതിന് ഇത് തടസമാകുന്നു. സ്കൂൾ, കോളേജ് വാഹനങ്ങൾ ഇതുവഴി വരാറില്ല. പത്തനാപുരം റോഡിൽ നിന്ന് കുന്നിക്കോട് എത്താതെ പുനലൂർ, അഞ്ചൽ ഭാഗത്തേക്ക് പോകുന്നതിനുള്ള എഴുപ്പവഴിയാണ് ഇത്തരത്തിൽ കിടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിലുലുൾപ്പെട്ട റോഡിന്റെ അറ്റകുറ്റപ്പണിക്കും ടാറിംഗിനുമായി 30 ലക്ഷം രൂപയോളം ചെലവ് വരും. വാർഡ് അംഗം ഇടപെട്ട് ജില്ലാ പഞ്ചായത്തിൽ നിന്ന് എസ്റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ല.
വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലങ്കിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രദേശവാസികളെ സംഘടിപ്പിച്ച് റോഡ് ഉപരോധമുൾപ്പെടെ സംഘടിപ്പിക്കും.
ബിജു ടി. ഡിക്രൂസ്, പൊതുപ്രവർത്തകൻ
സ്ഥലം എം.എൽ.എ, എം.പി, ജില്ലാ പഞ്ചായത്ത് മെമ്പർ അടക്കമുള്ളവരെ റോഡിന്റെ അവസ്ഥ രേഖകൾ സഹിതം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം വിഷയത്തിന് പരിഹാരം കാണും.
വി.ആർ. ജ്യോതി, ഗ്രാമപഞ്ചായത്തംഗം