plant
വരിഞ്ഞത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ് കത്തി നശിച്ച നിലയിൽ

ചാത്തന്നൂർ: വരിഞ്ഞത്തെ ചാത്തന്നൂർ പഞ്ചായത്ത് വക മാലിന്യ സംസ്‌കരണ പ്ലാന്റ് കത്തി നശിച്ചു. പ്ളാന്റിൽ കൂട്ടിയിട്ടിരുന്ന പ്ളാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതാണ് കാരണം. തൊട്ടടുത്തായി ഓർത്ത‌‌ഡോക്സ് സഭയുടെ ആരാധനാലയങ്ങളും നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. പ്ളാസ്റ്റിക്കിന് തീപിടിച്ചതിനാൽ പ്രദേശത്താകെ കറുത്ത പുക നിറയുകയും രൂക്ഷഗന്ധം അനുഭവപ്പെടുകയുണ്ടായി.

അതേസമയം പ്ളാന്റിന്റെ പ്രവർത്തനത്തിൽ അപാകതകളുള്ളതായി നാട്ടുകാർ പറഞ്ഞു. പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാണ് മാലിന്യം കൈകാര്യം ചെയ്യുന്നതെന്നും പ്ളാന്റിൽ സ്ഥാപിച്ചിരുന്ന ഇൻസിനറേറ്റർ പ്രവർത്തനരഹിതമായി മാസങ്ങളായിട്ടും കേടുപാടുകൾ തീർക്കുന്നതിനോ പുതിയത് സ്ഥാപിക്കുന്നതിനോ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. ഇക്കാരണത്താലാണ് പ്ളാന്റിൽ മാലിന്യം കുമിഞ്ഞ് കൂടി തീപിടിക്കാൻ കാരണമായതെന്നും അവർ ആരോപിച്ചു.

തീപിടിത്തത്തെ തുടർന്ന് നാട്ടുകാർ സംഘടിച്ച് പ്ളാന്റിലേക്ക് മാലിന്യവുമായെത്തിയ വാഹനം തടഞ്ഞു. വിഷയത്തിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 രേഖകൾ ആവശ്യപ്പെട്ടു
പ്ളാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ആന്റി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെന്റ് പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പ്ലാന്റ് നവീകരണത്തിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ചും, അനുവദിക്കപ്പെട്ടതും ചെലവഴിക്കപ്പെട്ടതുമായ തുക സംബന്ധിച്ചുമുള്ള രേഖകൾ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിരിക്കുകയാണ്.

മാലിന്യ സംസ്‌കരണത്തിന് ഉചിതമായ നടപടി വേണം

ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ അശ്രദ്ധമായി മാലിന്യം കൈകാര്യം ചെയ്യാൻ പാടില്ല. മാലിന്യ സംസ്‌കരണത്തിന് ഉചിതമായ നടപടി സ്വീകരിക്കണം. പ്ലാസ്റ്റിക് നിരോധിക്കുകയും കാര്യക്ഷമമായി നിർമ്മാർജ്ജനം നടത്തുകയും വേണം.
ജി. ദിവാകരൻ
പ്രസിഡന്റ്
ആന്റി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെന്റ്