കൊല്ലം: നഗരത്തിന്റെ ചവറ്റുകുട്ടയായ കുരീപ്പുഴ ചണ്ടി ഡിപ്പോയെ ഒരുതരി മാലിന്യം പോലുമില്ലാത്ത സ്വപ്നഭൂമിയാക്കുമെന്ന ഉറപ്പ് നൽകി സിംഗപ്പൂർ കമ്പനി. നഗരസഭയുമായി ബയോ മൈനിംഗിന് കരാറിലേർപ്പെട്ട ബാംഗ്ലൂർ ആസ്ഥാനമായുള്ള 'സൂരജ് ഭൂമി' എന്ന സ്വകാര്യ ഏജൻസിയുടെയും ഇവർക്ക് സാങ്കേതിക വിദ്യ നൽകുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയുടെയും പ്രതിനിധികൾ ബയോ മൈനിംഗും തുടർ പ്രവർത്തനങ്ങളും സംബന്ധിച്ച് നഗരസഭാ അധികൃതരുമായി ചർച്ച നടത്തി.
ചണ്ടി ഡിപ്പോയിൽ 17000 മെട്രിക് ടൺ മാലിന്യമുണ്ടെന്നാണ് നഗരസഭയുടെ കണക്ക്. എന്നാൽ ഇതിന്റെ ഇരട്ടിയോളമുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. നഗരസഭ മാലിന്യത്തിന്റെ കൃത്യമായ അളവ് രണ്ട് ദിവസത്തിനുള്ളിൽ കണക്കാക്കും. ഇതിന് ശേഷം ഒരുമാസത്തിനുള്ളിൽ ബയോ മൈനിംഗ് ആരംഭിക്കും. പതിറ്റാണ്ടുകളായി ഇവിടെ കുന്നുകൂടിക്കിടക്കുന്ന മാലിന്യം പൂർണമായും വേർതിരിച്ചെടുക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരും. ടണ്ണിന് ആയിരം രൂപ നിരക്കിലാണ് 'സൂരജ് ഭൂമി' ബയോ മൈനിംഗിനുള്ള കരാറെടുത്തിരിക്കുന്നത്. നാല് കോടിയോളം രൂപ നഗരസഭയ്ക്ക് ഇതിനായി ചെലവാകും.
ബയോമൈനിംഗ് ഒരുമാസത്തിനകം ആരംഭിക്കും
വേർതിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കമ്പനി സംസ്കരിച്ച് പാചകത്തിന് ഉപയോഗിക്കുന്ന മെഥലിൻ വാതകമായും ഡീസലായും മാറ്റും. ഇതിന് ഏകദേശം 160 കോടിയോളം രൂപ ചെലവാകും. ഡീസലും മെഥലിൻ ഗ്യാസും വില്പന നടത്തിയാകും കമ്പനി ഈ പണം തിരിച്ചുപിടിക്കുക. പരിസര മലിനീകരണം സൃഷ്ടിക്കാത്ത പേറ്റന്റുള്ള ജപ്പാൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മാലിന്യം മെഥലിൻ ഗ്യാസും ഡീസലുമാക്കി മാറ്രുന്നത്.
'' ബയോമൈനിംഗിനാണ് സൂരജ് ഭൂമിയും നഗരസഭയും തമ്മിൽ കരാർ. വേർതിരിച്ചെടുക്കുന്ന മാലിന്യം സംസ്കരിക്കുന്നതിന്റെ ചെലവ് പൂർണമായും കമ്പനി വഹിക്കണം.''
വി. രാജേന്ദ്രബാബു (മേയർ)
കമ്പനിക്ക് നഗരസഭ നൽകേണ്ടത് - ഒരു ടൺ മാലിന്യത്തിന് 1000 രൂപ
മാലിന്യം സംസ്കരിക്കാൻ കമ്പനിയുടെ ചെലവ് 160 കോടി രൂപ