കൊല്ലം: സുപ്രീംകോടതി വിധി ശബരിമലയിൽ നടപ്പാക്കിയതിൽ കെടുകാര്യസ്ഥതയുണ്ടായെന്നും അതിന്റെ പേരിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ കെട്ടിവയ്‌ക്കുന്നത് ശരിയല്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജയിച്ചാൽ എല്ലാവരുടെയും ക്രെഡിറ്റെന്നും തോറ്റാൽ മുഖ്യമന്ത്രിയുടെ മാത്രം കുഴപ്പമെന്നും പറയുന്നത് ഉചിതമല്ല. എസ്.എൻ.ഡി.പി യോഗം ആസ്ഥാനത്തെ ശ്രീനാരായണ ധ്യാനമന്ദിരത്തിൽ നടന്ന യോഗം ഡയറക്ടർബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ വച്ച് തടിയൂരാനാണ് ഘടകകക്ഷികളുടെയും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെയും ശ്രമം. തിരഞ്ഞെടുപ്പിന് മുമ്പ് ദേവസ്വം ബോർഡ് നിരവധി യോഗങ്ങൾ കൂടിയിരുന്നു. എൽ.ഡി.എഫ് യോഗങ്ങളും മന്ത്രിസഭാ യോഗങ്ങളും പലതവണ നടന്നു. അന്നൊന്നും വിധി നടപ്പാക്കുന്നതിനെക്കുറിച്ച് ആർക്കും ഒന്നും പറയാനില്ലായിരുന്നു. വിധി നടപ്പാക്കുന്നതിൽ കുറച്ചുകൂടി ബുദ്ധിപരവും തന്ത്രപരവുമായ നിലപാട് സ്വീകരിക്കേണ്ടിയിരുന്നു. വികാരത്തെ വികാരം കൊണ്ട് നേരിട്ടതാണ് തിരിച്ചടിയായത്. സർക്കാരിന്റെ ഇടപെടലിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സമരത്തിൽ സമുദായാംഗങ്ങൾ ഇറങ്ങരുതെന്ന് താൻ പറഞ്ഞത് പുന്നപ്ര - വയലാർ സമരത്തിലുണ്ടായ അനുഭവം ആവർത്തിക്കാതിരിക്കാനായിരുന്നു. സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ നിരാശാജനകമെന്നും ഭക്തർക്കൊപ്പമാണെന്നും പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ സമുദായാംഗങ്ങൾ സമരവുമായി റോഡിലിറങ്ങരുതെന്ന് പറഞ്ഞതാണ് ചിലർക്ക് ഇഷ്ടപ്പെടാതെ പോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരും സംബന്ധിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, ഇൻസ്‌പെക്ടിംഗ് ഓഫീസർമാർ, വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുടെ തിരഞ്ഞെടുപ്പും നടന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടർ ബോർഡംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു.