ശാസ്താംകോട്ട: അമ്പതിലധികം വർഷം പഴക്കമുള്ള പടിഞ്ഞാറേ കല്ലട കോതപുരം വെട്ടിയതോട് പാലം ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലെത്തിയിട്ടും അധികൃതർക്ക് കുലുക്കമില്ല. കാരാളിമുക്കിനെയും കോതപുരം മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് വെട്ടിയ തോട് പാലം സ്ഥിതി ചെയ്യുന്നത്. നിരവധി വർഷങ്ങൾക്ക് മുമ്പു തന്നെ പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. അന്ന് പ്രദേശവാസികൾ ചേർന്ന് നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന് അധികൃതർ താൽക്കാലിക കൈവരി നിർമ്മിക്കുക മാത്രമാണ് ചെയ്തത്. 8 വർഷങ്ങൾക്ക് മുമ്പ് പുതിയ പാലത്തിനായി ടെൻഡർ നടപടി ആരംഭിച്ചിരുന്നെങ്കിലും അപ്രോച്ച് റോഡിന് വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് കാര്യമായ ചർച്ചകളൊന്നുംതന്നെ നടന്നില്ല. വെട്ടിയതോട് പാലം അപകടകരമായ അവസ്ഥയിലെത്തിയിട്ടും പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും പുതിയ പാലം നിർമ്മിക്കാനായി ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
പൊട്ടിപ്പൊളിഞ്ഞ് പാലത്തിന്റെ അടിഭാഗം
പാലത്തിന്റെ അടിഭാഗം പൊട്ടിപ്പൊളിഞ്ഞ് കോൺക്രീറ്റ് കമ്പികൾ വരെ തെളിഞ്ഞ് കാണാവുന്ന അവസ്ഥയിലാണ്. ഏത് നിമിഷം വേണമെങ്കിലും അപകടം സംഭവിക്കാവുന്ന തരത്തിലുള്ള ഈ പാലത്തിലൂടെയാണ് സ്കൂൾ ബസുകൾ ഉൾപ്പടെയുള്ള നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നത്. പുതിയ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് എടുക്കുന്നത് പ്രഹസനമായി തുടരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.