കുന്നത്തൂർ: കൊല്ലം-തേനി ദേശീയ പാതയിൽ ചക്കുവള്ളിക്ക് സമീപം 11 കെ.വി ലൈന് മുകളിൽ മരം പിഴുതു വീണു. ഭരണിക്കാവ് റോഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മരം ലൈനിനു മുകളിൽ തങ്ങിയിരുന്നതിനാലാണ് റോഡിലേക്ക് വീഴാതെ വൻ അപകടം ഒഴിവായത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ശാസ്താംകോട്ട ഫയർ ഫോഴ്‌സും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. സംഭവത്തെ തുടർന്ന് ചക്കുവള്ളിയിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളമാണ് നിലച്ചത്.