കൊല്ലം: കേരള ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ഭാഗമായി കേരളാ എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന കൊല്ലം മൺസൂൺ മാരത്തോണിന്റെ പ്രചരണാർത്ഥം ചിന്നക്കട ബസ്ബേയിൽ നടന്ന 8 മണിക്കൂർ ചിത്രരചനാ യജ്ഞത്തിൽ നീളൻ ക്യാൻവാസിൽ കൊല്ലത്തെ ചിത്രകാരികൾ വരച്ചിട്ട ചിത്രങ്ങൾ പൊതുജന ശ്രദ്ധ പിടിച്ചുപറ്റി.
ലഹരി മരണത്തിലേക്കുള്ള വഴിയാണെന്നും കുടുംബ ജീവിതമാണ് മനുഷ്യന്റെ ലഹരിയെന്നും വിളിച്ചുപറയുന്ന ചിത്രങ്ങളാണ് ഏറെയും. മനുഷ്യന്റെ തലച്ചോറിൽ സിറിഞ്ചിലൂടെ നിറക്കപ്പെട്ട ലഹരി മരണത്തിലേക്ക് നയിക്കുന്നതും, സിഗററ്റ് പുക മനുഷ്യ ശരീരത്തിലേക്ക് പടർന്ന് രോഗങ്ങൾ പകർത്തുന്നതും, പുകവലി അന്തരീക്ഷത്തിലുണ്ടാക്കുന്ന മലിനീകരണവും ചിത്രങ്ങളിലൂടെ അവതരിപ്പിച്ചു.
ജൂൺ 16ന് കൊല്ലം പീരങ്കി മൈതാനിയിൽ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന മൺസൂൺ മാരത്തോണിന്റെ പ്രചരണാർത്ഥം കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ നിർദ്ദേശാനുസരണം സൗജന്യമായാണ് പ്രശസ്ത ചിത്രകാരന്മാരായ സന്തോഷ് ആശ്രാമം, ചവറ രാമചന്ദ്രൻ, യുവ ചിത്രകാരൻ റോഷൻ എന്നിവരുടെ നേതൃത്വത്തിൽ ചിത്രകാരികൾ ഈ ദൗത്യം ഏറ്റെടുത്തത്.
ബി. വത്സലകുമാരി, രമണിക്കുട്ടി, സുഹൃതി, അർച്ചന ശശാങ്കൻ, ദേവികാ പ്രേം, പ്രിയങ്കാ ഫിലിപ്, അളക ബി. പിള്ള, യശോദ, മീനാക്ഷി കണ്ണൻ, ഗോപിക കണ്ണൻ എന്നീ കലാകാരികളാണ് ചിത്രം വരച്ചത്. തെക്കൻ മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണർ കെ.എ. ജോസഫ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്.രഞ്ജിത്, അസി. എക്‌സൈസ് കമ്മിഷണർമാരായ പി.കെ. സനു, ജെ. താജുദ്ദീൻകുട്ടി എന്നിവർ സന്ദർശിച്ചു.