തൊടിയൂർ: വെളുത്ത മണലിലെ നജിം മൻസിൽ എന്ന പേരിലുള്ള വീട്ടിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് ഒരു പെൺ പരുന്താണ്!. പേര് പിങ്കി. 2018 ഒക്ടോബറിലാണ് പരുന്ത് ഈ വീട്ടിലെ ഒരംഗമായത്. ഒരു കാലിൽ ചെറിയ മുറിവുണ്ടായിരുന്നു. വീട്ടുകാർ വെള്ളവും തീറ്റയും നൽകി.
വീട്ടമ്മയായ ആമിന പരുന്തിന് പിങ്കി എന്ന് പേരുമിട്ടു. പരിചരണവും ഭക്ഷണവും തുടർച്ചയായി ലഭിച്ചപ്പോൾ ചുറ്റുവട്ടങ്ങളിൽ കുറച്ചൊക്കെ വട്ടമിട്ട് പറക്കാൻ തുടങ്ങി.
ഇതിനിടെ വീട്ടുടമയായ നൗഷാദ് നടത്തുന്ന വീടിനോടു ചേർന്നുള്ള ഇംപൾസ്
ട്യൂട്ടോറിയലിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുമായി പിങ്കി ചങ്ങാത്തത്തിലായി. പകൽ മുഴുവൻ വീട്ടിൽത്തന്നെ തങ്ങാൻ ഇഷ്ടപ്പെടുന്ന പരുന്ത് വീടിന്റെ വശത്തായി വച്ചിരിക്കുന്ന സൈക്കിളിന്റെ ഹാൻഡിലിലും അടുക്കള വാതിലിന്റെ പുറത്തുമാണ് ഇരിപ്പ്. ഇടയ്ക്കിടെ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കും.
പകൽ മുഴുവൻ ഇത്തരം പ്രവൃത്തികളിൽ മുഴുകുന്ന പിങ്കി വൈകിട്ട് വീട് വിട്ട് ഒറ്റപ്പോക്കാണ്!.
എവിടേയ്ക്കാണ് പോകുന്നതെന്ന് ആർക്കുമറിയില്ല. എന്നാൽ അടുത്ത പ്രഭാതത്തിൽ കൃത്യം ആറു മണിക്ക് തന്നെ തിരികെ വീട്ടിലെത്തും. കഴിഞ്ഞ 8 മാസത്തിലേറെയായി ഈ പതിവ് തുടരുന്നു. ഏതായാലും പിങ്കി വെളുത്ത മണലിലെ താരമായി മാറിയിരിക്കുകയാണ്.