കൊല്ലം: ഗുരുദേവന്റെ കഴുത്തിൽ കയറിട്ട് നിന്ദിച്ചപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നു പറഞ്ഞവർ ബിഷപ്പിനെതിരായ കാർട്ടൂൺ വരച്ചപ്പോൾ മതത്തെ തൊട്ടുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം വേണ്ടെന്ന് പറയുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലത്ത് യോഗം ഡയറക്ടർ ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവനെ നിന്ദിച്ചപ്പോഴും സീതയെയും ഹനുമാനെയും മോശമായി ചിത്രീകരിച്ചപ്പോഴും രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും അത് ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നാണ് പറഞ്ഞത്. എന്നാൽ ബിഷപ്പ് ഫ്രാങ്കോയുടെ കാർട്ടൂൺ വരച്ചപ്പോൾ അതിന് നൽകിയ അവാർഡ് പിൻവലിച്ചു. മതത്തെ തൊട്ട് ആവിഷ്ക്കാര സ്വാതന്ത്ര്യം വേണ്ടെന്ന് മന്ത്രിക്ക് പോലും പറയേണ്ടിവന്നു. ഇത് രണ്ടും പറയുന്നത് ഒരേ വിപ്ളവക്കാരാണ്. നമ്മൾ സംഘടിതരോ ശക്തരോ വോട്ട് ബാങ്കോ അല്ലാത്തതാണ് ഈ ഇരട്ടത്താപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.