palm-tree

കൊല്ലം: അറേബ്യൻ മണ്ണിൽ മാത്രമല്ല, കൊട്ടാരക്കരയിലും ഈന്തപ്പന കുലച്ചു. കുലകുത്തി കായ് വന്നതോടെ കാഴ്ചക്കാരും ഏറി. എം.സി റോഡിന്റെ അരികിലായി പനവേലി ജംഗ്ഷന് സമീപത്താണ് കുലച്ച ഈന്തപ്പന കാഴ്ചക്കാരെ ആകർഷിക്കുന്നത്.

കൊട്ടാരക്കര പനവേലി ഗ്രീൻവാലി ബൊട്ടാണിക്കൽ ഗാർഡനിൽ അതിന്റെ ഉടമസ്ഥനായ ഷാഫി അഞ്ച് വർഷം മുൻപ് 20 ഈന്തപ്പന തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. ബർഹി ഇനത്തിൽപ്പെട്ട തൈകളിൽ രണ്ടെണ്ണമാണ് ഇപ്പോൾ കായ്ച്ചത്. ഒരു പനയിൽ നാല് കുല വീതം വന്നിട്ടുണ്ട്. മഞ്ഞ നിറമാണ്.വേനൽ കടുത്തപ്പോഴാണ് പന പൂവിട്ട് കായ്ച്ചതെന്ന് ഷാഫി പറഞ്ഞു. അഞ്ചടിയിൽ അധികം ഉയരമുണ്ട് പനയ്ക്ക്. ഇനിയും ഉയരംകൂടി വലിയ പനയായി മാറും. കായ് പിടിച്ചാൽ മൂന്ന് മാസമെടുക്കും വിളവെത്താൻ.

തമിഴ് നാട്ടിൽ നിന്നാണ് ഷാഫി തൈകൾ കൊണ്ടുവന്നത്. നാല് വർഷം പിന്നിട്ട തൈകളാണ് നട്ടുപിടിപ്പിച്ചത്. ഇരുന്നൂറിൽപ്പരം വ്യത്യസ്ത പഴവർഗ്ഗങ്ങളുടെ തൈകൾ ഉള്ളതിന്റെ കൂട്ടത്തിൽ ഈന്തപ്പനയും ഇടംപിടിച്ചു. ആവശ്യക്കാർക്ക് ഈന്തപ്പന വിൽക്കുകയും ചെയ്തു. രണ്ടര ഏക്കറിലാണ് ഗ്രീൻവാലി നഴ്സറി. ഇനി എല്ലാ അതിരിലും ഈന്തപ്പന വച്ചുപിടിപ്പിക്കാനാണ് തീരുമാനം. ആവശ്യക്കാർക്ക് വലിയ തൈകൾ എണ്ണായിരം രൂപയ്ക്ക് എത്തിച്ച് നൽകുമെന്നും വളപ്രയോഗങ്ങൾ ഉൾപ്പടെ പറഞ്ഞുകൊടുക്കുമെന്നും ഷാഫി വെളിപ്പെടുത്തി. ഓരോ ദിവസവും ഈന്തപ്പന കായ കാണാൻ ആളുകൾ കൂടിവരുന്നതിന്റെ സന്തോഷത്തിലാണ് ഷാഫിയും കൂട്ടരും.