കൊട്ടാരക്കര: ശക്തമായ കാറ്റിലും മഴയിലും കൊട്ടാരക്കരയിൽ വൻമരം കടപുഴകി വീണ് വീട് തകർന്നു. ആളപായമില്ല. ഇന്നലെ പുലർച്ചെ 4 മണിയോടെ കൊട്ടാരക്കര കാടാംകുളം മഹാലക്ഷ്മിയിൽ മുരുകാനന്ദൻ ആചാരിയുടെ വീടിന് മുകളിലേക്കാണ് സമീപത്തെ പറമ്പിൽ നിന്ന കൂറ്റൻ മരം കടപുഴകിവീണത്. കിടപ്പുമുറിയും അടുക്കളയും പൂർണമായും നശിച്ചു. കിടപ്പ് മുറിയിൽ ഉറങ്ങുകയായിരുന്ന മുരുകാനന്ദൻ ആചാരിയും തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭാര്യ ലളിതമ്മാളും മകൻ ബിനുവും അത്ഭുതകരമായാണ് പരിക്കുകളില്ലാതെ രക്ഷപെട്ടത്. മരം വൈദ്യുത കമ്പിയിൽ തട്ടിയതോടെ വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണു. നിലവിളികേട്ട് അയൽക്കാരും തുടർന്ന് ഫയർഫോഴ്സും വൈദ്യുതി ബോർഡ് ജീവനക്കാരുമെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. തഹസിൽദാർ, വില്ലേജ് ഓഫീസർ, നഗരസഭാ അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.