പത്തനാപുരം: കിഴക്കൻ മേഖലയിൽ മഴയോടോപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക ക്യഷി നാശം. പത്തനാപുരം, പിറവന്തൂർ, തലവൂർ, വിളക്കുടി പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. വാഴ, മരച്ചീനി, റബർ, വെറ്റില എന്നിവയുൾപ്പെടെയുള്ള കാർഷിക വിളകൾ നശിച്ചു. വിവിധ സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കമുകുംചേരി സൊസൈറ്റി പടിക്കൽ ശക്തമായ കാറ്റിൽ റോഡിലേക്ക് റബർ മരം ഒടിഞ്ഞു വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആവണീശ്വരത്തു നിന്ന് ഫയർ ഫോഴ്‌സെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പിറവന്തൂർ പഞ്ചായത്തിൽ രാത്രി വൈകിയും വൈദ്യുതി തകരാർ പരിഹരിക്കാനായിട്ടില്ല.