വേനൽക്കാല കൃഷിക്ക് വേണ്ടിയെന്ന് അധികൃതർ
പ്രശ്നമായത് വെന്റ് വേയുടെ വലിപ്പക്കുറവ്
ഓച്ചിറ: പള്ളിക്കലാറിന് കുറുകെ തൊടിയൂർ പാലത്തിന് തെക്കുവശത്ത് നിർമ്മിച്ച തടയണ പാവുമ്പ വില്ലേജിലെ കൃഷിഭൂമികൾ വെള്ളത്തിനടിയിലാക്കിയെന്ന് പരാതി.
ചുരുളി, കുട്ടത്ത്കുഴി പേരക്കൽ ഏലാകളിലെ മൂന്നൂറോളം ഏക്കർ നെൽകൃഷി വെള്ളത്തിൽ മുങ്ങിയെന്നാണ് കർഷകർ പരാതിപ്പെടുന്നത്. തഴവ, തൊടിയൂർ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പള്ളിക്കലാറിനു കുറുകെ 75 ലക്ഷം രൂപ ചെലവഴിച്ചാണ് തടയണ നിർമ്മിച്ചത്. വേനൽക്കാല കൃഷിക്കായുള്ള നിർമ്മാണത്തിന്റെ ചുമതല മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനായിരുന്നു.
30 മീറ്റർ വീതിയുള്ള തടയണയിൽ ഒരു മീറ്റർ വീതിയുള്ള രണ്ടും രണ്ട് മീറ്റർ വീതിയുമുള്ള ഒന്നും വെന്റ് വേകളാണ് ജലം ഒഴുകുന്നതിനായുള്ളത്. വേനൽക്കാലത്ത് ജലമൊഴുക്ക് തടയുന്നതിനായി ഷട്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാൽ വർഷകാലത്ത് പള്ളിക്കലാറിൽ ഒഴുകിയെത്തുന്ന അമിത ജലം ഒഴുകിപ്പോകുന്നതിന് നിലവിലുള്ള വെന്റ് വേ പര്യാപ്തമല്ലെന്നാണ് കർഷകർ പറയുന്നത്. ഇതാണ് കൃഷിഭൂമി വെള്ളത്തിനടിയിലാകാൻ കാരണം.
തടയണ നിർമ്മിച്ചപ്പോൾ കൃഷി വിദഗ്ദ്ധരുമായോ കർഷകരുമായോ ആലോചിക്കാതെയും സമീപപ്രദേശത്തെ കൃഷിയിടങ്ങളുടെയും പല്ലിക്കലാറിന്റെയും ജലനിരപ്പിനെക്കുറിച്ചു പഠനം നടത്താതെയും പദ്ധതി നടപ്പിലാക്കിയതിനാലാണ് കൃഷിഭൂമി വെള്ളത്തിൽ മുങ്ങിയതെന്നാണ് ഇവരുടെ അഭിപ്രായം.
തടയണനിർമ്മാണം മൂലം ചുരുളി ഏലയിലെ കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, ജില്ലാ കളക്ടർ, എക്സിക്യൂട്ടീവ് എൻജിനിയർ, ഓണാട്ടുകര വികസനസമിതി വൈസ് ചെയർമാൻ, മൈനർ ഇറിഗേഷൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കിൽ കർഷകരുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും.
നെല്ലിവിള രാജേന്ദ്രൻ സെക്രട്ടറി , ചുരുളി ഏലാ വികസന സമിതി
പള്ളിക്കലാറിന് മുകളിലായി സ്ഥിതിചെയ്യുന്ന പള്ളിക്കൽ ഡാം, മണ്ണിട്ട ഡാം എന്നിവ തുറന്നിരിക്കുന്നതിനാലും തടയണയുടെ നിർമ്മാണത്തിനായി താൽക്കാലികമായി അടുക്കിയ മണൽചാക്ക് കാരണവുമാണ് സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായത്. തടസങ്ങൾ ഒഴിവാക്കി പള്ളിക്കലാറിലെ ജലമൊഴുക്ക് സാധാരണ നിലയിലാക്കിയിട്ടുണ്ട്. തൊടിയൂർ, തഴവ പഞ്ചായത്തുകളിലെ കൃഷിഭൂമികളിൽ വേനൽക്കാലകൃഷിക്ക് ജലസേചനത്തിനാണ് തടയണ നിർമ്മിച്ചിരിക്കുന്നത്.
ജ്യോതി, അസി. എൻജിനിയർ മൈനർ ഇറിഗേഷൻ, കരുനാഗപ്പള്ളി