rly
പുനലൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ മന്ത്രംമുക്ക്റോഡിൽ താമസക്കാർ മുറിച്ചിട്ടിരിക്കുന്ന റെയിൽവേ പുറമ്പോക്കിലെ കൂറ്റൻ മരം

പുനലൂർ: പുനലൂർ - ചെങ്കോട്ട റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ കൂറ്റൻ വൃക്ഷങ്ങൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. ഏതു നിമിഷവും നിലം പൊത്താവുന്ന അപകടകരമായ അവസ്ഥയിലുള്ള നിരവധി കൂറ്റൻ വൃക്ഷങ്ങളാണ് പുറമ്പോക്ക് ഭൂമിയിലുള്ളത്. ഇതിൽ പല വൃക്ഷങ്ങളും സമീപത്തെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുകളിലേയ്ക്ക് വളർന്നു നിൽക്കുകയാണ്. ഇതാണ് പരിസരവാസികൾക്ക് ഭീഷണിയാകുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിക്കുന്നതോടെ ഇവരുടെ ഭീതിയും വർദ്ധിക്കും.

ശിവൻകോവിൽ റോഡിലെ മുഹൂർത്തിക്കാവ്, പുനലൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ മന്ത്രം മുക്ക് റോഡ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ അപകടാവസ്ഥയിൽ നിന്ന കൂറ്റൻ വൃക്ഷങ്ങൾ താമസക്കാരുടെ ചെലവിലാണ് മുറിച്ച് നിലത്തിട്ടിരിക്കുന്നത്. കാൽ നൂറ്റാണ്ടായി റെയിൽവേ പുറമ്പോക്കിൽ മുറിച്ചിട്ടിരിക്കുന്ന ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ ചിതലെടുത്ത് നശിക്കുകയാണ്. ഇത് ലേലം ചെയ്താൽ ലക്ഷങ്ങൾ വരുമാനമായി ലഭിക്കുമെങ്കിലും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന പരാതി വ്യാപകമാണ്. കാലവർഷം ആരംഭിച്ചതോടെ റെയിൽവേ ട്രാക്കിനും സമീപത്തെ താമസക്കാർക്കും ഭീഷണിയായി നിൽക്കുന്ന വൃക്ഷങ്ങൾ ഉടൻ മുറിച്ച് നീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

മരങ്ങൾ സ്വന്തം ചെലവിൽ മുറിച്ചുനീക്കണം

പുനലൂർ - ചെങ്കോട്ട പാതയിൽ നിൽക്കുന്ന 200ൽ അധികം കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് പരിസരവാസികൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ സ്വന്തം ചെലവിൽ മുറിച്ചുനീക്കാനാണ് അധികൃതർ നിർദ്ദേശിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ സ്വന്തം ചെലവിൽ മുറിക്കുന്ന തടികൾ യഥാസ്ഥാനത്ത് തന്നെ ഇടണമെന്ന കർശന നിർദ്ദേശവുമുണ്ട്. ജീവന് തന്നെ ഭീഷണിയായി വിടുകളോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ വായ്പയെടുത്ത് മുറിച്ച് മാറ്റേണ്ട ഗതികേടിലാണ് താമസക്കാർ.

അപകടം കൺമുന്നിൽ

റെയിൽവേ ട്രാക്കിലേക്ക് ചാഞ്ഞു നിൽക്കുന്ന കൂറ്റൻ മരങ്ങൾ കടപുഴകി ട്രാക്കിലേക്കു വീണാൽ ഗതാഗതം തടസപ്പെടും. കഴിഞ്ഞ മാസം ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ഇരട്ടപ്പാലത്തിന് സമീപത്തെ റെയിൽവേ പുറമ്പോക്ക് ഭൂമിയിൽ നിന്ന കൂറ്റൻ മരം കട പുഴകി ട്രാക്കിലേക്ക് വീണിരുന്നു. ട്രെയിൻ വരുന്നതിന് മുമ്പ് ജീവനക്കാർ മരം മുറിച്ച് നീക്കിയതിനാലാണ് അപകടം ഒഴിവായത്. കഴിഞ്ഞ കാലവർഷത്തിൽ തമിഴ്നാട്ടിൽ നിന്ന് പാലരുവിയിലേക്ക് എക്സ്പ്രസ് ട്രെയിൻ കടന്ന് വന്നപ്പോൾ ഭഗവതിപുരത്തെ ട്രാക്കിൽ മരം പിഴുത് വീണത് അകലെ നിന്ന് ലോക്കോ പൈലറ്റ് കണ്ടതിനാൽ ട്രെയിൻ നിറുത്തി അപകടം ഒഴിവാക്കുകയായിരുന്നു.

പുനലൂർ മുതൽ ചെങ്കോട്ട വരെയുള്ള പാതയോരങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കൂറ്റൻ വൃക്ഷങ്ങൾ 200ൽ അധികം