പുനലൂർ: പത്തനാപുരം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന ചാലിയക്കരയിലും പരിസരത്തും വന്യമൃഗങ്ങളുടെ ഭീഷണിയേറുന്നു. ആക്രമണവും കൃഷിനാശവും വർദ്ധിച്ചതോടെ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്തുള്ളവർ ഭീതിയിലാണ്. പട്ടാപ്പകൽ പോലും പുലി, കാട്ടാന, കാട്ടുപന്നി അടക്കമുള്ളവ ജനവാസ മേഖലയിൽ വിഹരിക്കുകയാണ്. വളർത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നതും വാഴ അടക്കമുള്ള കാർഷികവിളകൾ നശിപ്പിക്കുന്നതും നിത്യസംഭവമാണ്.
ചാലിയക്കരയിലെ ഉപ്പുകുഴി, അമ്പനാർ, ഓലപ്പാറ, ഇഞ്ചപ്പള്ളി, ചെറുകടവ്, പത്തേക്കർ അടക്കമുള്ള പ്രദേശങ്ങളിലാണ് വന്യമൃഗ ശല്യം ഏറെ രൂക്ഷം.
പശു, ആട്. വളർത്തുനായ്ക്ക് അടക്കമുള്ള മൃഗങ്ങൾ ഇവിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.വർഷങ്ങളായി ഈ സ്ഥിതി തുടർന്നിട്ടും അധികൃതർ നിസംഗത പുലർത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വേലികൾ പലയിടത്തും തകർന്നു. ഇതാണ് മൃഗങ്ങൾ കൂട്ടത്തോടെ ജനവാസമേഖലയിലേക്കിറങ്ങുന്നതിന്റെ പ്രധാന കാരണം. വൈദ്യുതി വേലികളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും കിടങ്ങുകൾ അടക്കമുള്ളവ സ്ഥാപിച്ച് തങ്ങളെ രക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കർഷകർ ഭയപ്പാടിലാണ്. പട്ടാപ്പകൽ പോലും ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലി പശു, ആട് അടക്കമുള്ള വളർത്തു മൃഗങ്ങളെ കൊന്നുതിന്നുകയാണ്. കഴിഞ്ഞ ആഴ്ച പത്തേക്കറിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പെരുമ്പാമ്പ് ആടിനെ കൊന്നിരുന്നു. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവർക്ക് വനംവകുപ്പ് മതിയായ സംരക്ഷണവും സുരക്ഷയും നൽകണം. ഇത് കൂടാതെ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്കും കൃഷി നശിച്ചവർക്കും ന്യായമായ നഷ്ടപരിഹാരം നൽകണം.
ജി. ഗിരീഷ്‌കുമാർ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ചാലിയക്കര ശാഖ
ചായക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവരുടെ കൃഷിക്കുംവളർത്തു മൃഗങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണം. വന്യമൃഗങ്ങളെ ഭയന്നാണ് ഇവിടത്തുകാർ ഓരോദിവസവും കഴിച്ചുകൂട്ടുന്നത്. പകൽ സമയത്തുപോലും പുലി ഇറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടുകയാണ്. ഇത് മറികടക്കുന്നതിന് കൂടുതൽ സുരക്ഷ ഒരുക്കണം.
സുധൻ, സെക്രട്ടറി എസ്.എൻ.ഡി.പി യോഗം ചാലിയക്കര ശാഖ