കൊട്ടാരക്കര: തകർന്ന റോഡുകൾക്കൊപ്പം നിലവിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകളും നിലച്ചതോടെ അണ്ടൂർ, മേൽക്കുളങ്ങര പ്രദേശങ്ങൾ കടുത്ത യാത്രാ ദുരിതത്തിൽ. ഉമ്മന്നൂർ പഞ്ചായത്തിന് കീഴിൽ വരുന്ന ഇവിടത്തുകാർക്ക് ആദ്യം തിരിച്ചടിയായത് അണ്ടൂർ മുതൽ മേൽക്കുളങ്ങരവരെയുള്ള രണ്ടു കിലോമീറ്റർ ഭാഗത്തെ റോഡിന്റെ തകർച്ചയാണ്. മെറ്റലിളകി കുണ്ടുകുഴിയുമായി കിടക്കുന്ന റോഡിലൂടെ കാൽ നാടയാത്രപോലും ദുസഹമാണ്.
ഇതിനൊപ്പമാണ് ശോച്യാവസ്ഥയിലുള്ള റോഡിലൂടെയുള്ള സർവീസ് കെ.എസ്.ആർ.ടി.സി പോലും നിറുത്തിവച്ചത്. അണ്ടൂർ വഴി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിലച്ചിട്ട് വർഷം അഞ്ച് പിന്നീട്ടു. സ്വകാര്യ വാഹനങ്ങളും ടാക്സികളും റോഡിനെ ഉപേക്ഷിച്ചിട്ടും നാളേറെയായി. ഇരട്ടി തുക നൽകാമെന്ന് പറഞ്ഞാലും ഓട്ടോറിക്ഷകളും ഇതുവഴി സർവീസ് നടത്താൻ മടിക്കുകയാണ്.
കൊട്ടാരക്കരയിലും ആയൂരും അഞ്ചലിലും ഉള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും വിവിധ പ്രദേശങ്ങളിൽ ജോലിക്ക് പോകുന്നവരുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ഏറെ ക്ളേശം സഹിക്കണം. റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയാൽ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. സ്വകാര്യ ബസുടമകളും ഇതിനോട് യോജിക്കുന്നുണ്ട്.
എന്നാൽ തുടർ നടപടികൾ മാത്രം എങ്ങും എത്തിയില്ല. വിഷയത്തിൽ പരാതി പറഞ്ഞ് മടുത്തതായാണ് ജനങ്ങൾ പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ എം.പി, എം.എൽ.എ ഫണ്ടോ ഉപയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. അതിന് അടിയന്തര നടപടി വേണമെന്നും തങ്ങളുടെ യാത്രാക്ളശം അകറ്റാൻ അധികൃതർ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.