കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടംമുക്ക്- സിനിമാ പറമ്പ് റോഡിലെ ഇ.ടി.സി ബ്രിട്ടീഷ് പാലത്തിന് പകരമായി പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഇടുങ്ങിയ പാലത്തിലൂടെ ഗതാഗതം ദുഷ്കരമായ സാഹചര്യത്തിലാണ് ചരിത്ര സ്മാരകമായ ഇതിനെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുകൊണ്ട് സമാന്തരമായി പുതിയ പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നൂറുവർഷം മുമ്പ് ബ്രിട്ടീഷുകാർ ഇ.ടി.സിയിലുള്ള തേയിലക്കുന്നു സന്ദർശിക്കുന്നതിനും തേയില വ്യാപാരം ഉറപ്പിക്കുന്നതിനുമായി നിർമ്മിച്ചതാണ് ബ്രിട്ടീഷ് പാലം. കോളനിവാഴ്ചയുടെ ചരിത്രം പറയുന്ന പാലത്തിന് ബ്രിട്ടീഷുകാരുടെ സാങ്കേതിക വിദ്യയും തനിമയും അവകാശപ്പെടാനുണ്ട്. എന്നാൽ കാലാന്തരത്തിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി. വലിയ രണ്ട് വാഹനങ്ങൾ ഒരുമിച്ചെത്തിയാൽ പാലത്തിലൂടെ കടന്നുപോകുന്നതിന് പ്രയാസമാണ്. പലപ്പോഴും നീണ്ട ഗതാഗതക്കുരുക്കിനും ഇതുവഴിതെളിക്കുന്നു.
പാലത്തിന്റെ ഈ അവസ്ഥ കാരണം പൊതുഗാതാഗത സൗകര്യങ്ങളും ഇവിടെ വളരെ കുറവാണ്. ബ്ലോക്കു പഞ്ചായത്ത് ഓഫീസ്, കില, ഇ.ടി.സി, എസ്.ഐ.ആർ..ഡി, സീഡ് ഫാം, നവോദയ സ്കൂൾ, ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളജ് തുടങ്ങി അനേകം സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെത്തുന്നവരാണ് ഗതാഗത സൗകര്യമില്ലാതെ വലയുന്നത്. ഇതിന് പരിഹാരമായി ബ്രിട്ടീഷ് പാലം ചരിത്ര സ്മാരകമായി നിലനിർത്തി മറ്റൊരു സമാന്തരപാലം നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇടുങ്ങിയ ബ്രിട്ടീഷ് പാലത്തിലൂടെയുള്ള ഗതാഗതം ഏറെ ദുഷ്കരമാണ്. ഇതിന് പരിഹാരം കണ്ടെത്തണം. ചരിത്ര സ്മാരകമാകേണ്ട ഈ ബ്രിട്ടീഷ് പാലം നിലനിർത്തി സമാന്തര പാലം നിർമ്മിക്കണം
സജി ചേരൂർ, ജനകീയ വേദി പ്രവർത്തകൻ