ഓയൂർ: അക്കൽ പെരുവൻതോട്ടിലുള്ള അംഗൻവാടിയിലെ കുരുന്നുകളുടെ ദുരവസ്ഥയ്ക്ക് ഇനിയും പരിഹാരമില്ല. വാടകകെട്ടിടത്തിലെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിൽ പത്ത് കുട്ടികളാണ് പഠിക്കുന്നത്. പഠനമുറിയും അടുക്കളയുമെല്ലാം ഇവിടെത്തന്നെ. വളരെക്കാലമായി ആക്കൽ ജംഗ്ഷന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിയാണ് പരിസരത്ത് വാടക കെട്ടിടം ലഭിക്കാത്തതിനാൽ കിലോമീറ്ററുകൾക്കപ്പുറമുള്ള പെരുവൻതോടിന് സമീപത്തേക്ക് മാറ്റിസ്ഥാപിച്ചത്.
ഇവിടെ പഠനവും പാചകവുമെല്ലാം ഒരു സ്ഥലത്തു തന്നെയാണ്. ഇതാണ് രക്ഷിതാക്കളുടെ നെഞ്ചിടിപ്പേറ്റുന്നത്.
മഴ മാറുന്നമുറയ്ക്ക് കുട്ടികളുടെ പഠനം തൊട്ടടുത്ത കടയുടെ തിണ്ണയിലേയ്ക്ക് മാറ്റും. എന്നാലും സ്വന്തമായി കെട്ടിടമെന്ന ആവശ്യം മാത്രം ഇനിയും അകലെയാണ്. കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. വിഷയത്തിൽ പരാതി പറഞ്ഞ് മടുത്തെന്നാണ് രക്ഷിതാക്കളുടെ പക്ഷം. അടിയന്തര നടപടി സ്വീകരിക്കണമെന്നും അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്ത് ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.