photo
കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ച അഗ്രോ സർവ്വീസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കേരളത്തിന് ആവശ്യമുള്ള പച്ചക്കറി സ്വയം ഉല്പാദിപ്പിക്കണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ച അഗ്രോ സർവ്വീസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഒരു വർഷം 20 ലക്ഷം ടൺ പച്ചക്കറിയാണ് ആവശ്യമുള്ളത്. ഇതിൽ 12.50 ലക്ഷം ടണ്ണും അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. വിഷം കലർന്ന പച്ചക്കറികളാണ് കേരളത്തിൽ എത്തുന്നത്. ഇതുകാരണം 20000 കോടി രൂപയാണ് കേരളത്തിലെ ജനങ്ങൾ പ്രതിവർഷം ചികിത്സക്കായി ചെലവഴിക്കുന്നത്.

കഴിഞ്ഞ വർഷം കേരളത്തിൽ 12 ലക്ഷം ടൺ പച്ചക്കറി ഉല്പാദിപ്പിക്കാൻ കഴിഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ഇത് 14 ലക്ഷം ടണ്ണായി വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, പി.കെ. ബാലചന്ദ്രൻ, ആർ. സോമൻപിള്ള, വിജയമ്മലാലി, കെ.പി. മുഹമ്മദ്, വി.ആർ. സോണിയ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. സെലീന, ശ്രീലത, ശ്രീലേഖ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിൽ എസ്. കല്ലേലിഭാഗം, ശ്രീലേഖാ വേണുഗോപാൽ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, ആർ. രവീന്ദ്രൻപിള്ള, വസുമതി രാധാകൃഷ്ണൻ, കാട്ടൂർ ബഷീർ, റെജി പ്രഭാകരൻ, കരുമ്പാലിൽ സദാനന്ദൻ, പ്രൊഫ. കരുണാകരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. സിബി ജോസഫ് പേരയിൽ സ്വാഗതവും ജേക്കബ് മരിയോ നന്ദിയും പറഞ്ഞു.