palaruvi
ഇന്ന് തുറന്ന് നൽകുന്ന പാലരുവി ജലപാതം

പുനലൂർ: നവീകരിച്ച പാലരുവി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് രാവിലെ 8ന് സഞ്ചാരികൾക്ക് തുറന്ന് നൽകും. കടുത്ത വേനലിൽ താൽക്കാലികമായി അടച്ച പാലരുവി ജലപാതത്തോട് ചേർന്ന് ഒരു കോടിയോളം രൂപ ചെലവഴിച്ചുളള നവീകരണ ജോലികളാണ് പൂർത്തിയാകുന്നത്. വിശ്രമകേന്ദ്രം, അധുനിക ക്യാന്റീൻ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഗൈഡുകളുടെ സ്വായശ്രയ തൊഴിൽ സംരംഭങ്ങൾ വഴിയുള്ള ഉല്പന്നങ്ങൾ വിനോദസഞ്ചാരികൾക്ക് വിറ്റഴിക്കും. വനത്തിൽ നിന്നു ശേഖരിച്ച തേൻ, കൃഷിചെയ്ത ഏലം, ഗ്രാമ്പൂ, തേയില, എന്നിവയ്ക്കു പുറമേ കുട, തൊപ്പി, നൈറ്റി, ബർമൂഡ തുടങ്ങിയ തുണിത്തരങ്ങളും വിറ്റഴിക്കും. മഴ ലഭിക്കാനുണ്ടായ കാലതാമസം മൂലമാണ് ജലപാതം തുറന്ന് നൽകാൻ വൈകിയതെന്ന് ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ചാഫിസർ സതീശൻ അറിയിച്ചു. എല്ലാ ദിവസവും, രാവിലെ 8മുതൽ വൈകിട്ട് 4വരെ ജലപാതം പ്രവർത്തിക്കും. മുതിർന്നവർക്ക് 50രൂപയും, കുട്ടികൾക്ക് 30രൂപയും, വിദ്യാർത്ഥികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്.