kseb
പുനലൂർ ബിഷപ്പ് ഹൗസിനോട് ചേർന്ന പുരയിടത്തിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ചത്ത പശു

പുനലൂർ: പുനലൂർ ബിഷപ്പ് ഹൗസിന് പുറകിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പൂർണഗർഭിണിയായ പശു ചത്തു. ബിഷപ്പ് ഹൗസിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വയസുള്ള പശുവാണ് ചത്തത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ബിഷപ്പ് ഹൗസിലെ ജീവനക്കാൻ പശുവിനെ മേയാൻ കെട്ടിയിട്ട ശേഷം മടങ്ങി. തുടർന്ന് പശു പിടയുന്നത് കണ്ട സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ വിവരം അറിയുന്നത്.

ത്രീ ഫേസ് ലൈൻ കടന്നുപോകുന്ന ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷന് സമീപത്തെ ബിഷപ്പ് ഹൗസിലും സമീപ പ്രദേശങ്ങളിലെ വീടുകളിലും മൂന്ന് ദിവസമായി വൈദ്യുതി ഇല്ലായിരുന്നു. ഈ വിവരം വിളക്കുടിയിലെ കെ.എസ്.ഇ.ബി ഓഫീസിൽ നേരിട്ടും അല്ലാതെയും ജനങ്ങൾ അറിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് സമീപത്ത് നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൽ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥർ ബിഷപ്പ് ഹൗസിലെയും മറ്റും തകരാർ പരിശോധിക്കാതെ മടങ്ങിയെന്ന് സമീപവാസികൾ പറയുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.