കടയ്ക്കൽ: കൃഷി ആവശ്യത്തിന് വാങ്ങിയ ചാണകത്തിൽ നിന്ന് ലഭിച്ച അഞ്ച് പവന്റെ മാല ഉടമസ്ഥനെ തെരഞ്ഞുപിടിച്ചു നൽകി അദ്ധ്യാപക ദമ്പതികൾ മാതൃക കാട്ടി. ഇട്ടിവ വയ്യാനം സ്വദേശി ഷൂജ ഉൾ മുൾക്കിനും ഭാര്യ ഷാഹിനയ്ക്കുമാണ് ആറു മാസം മുമ്പ് കൃഷി ആവശ്യത്തിന് വാങ്ങിയ ചാണകത്തിൽ നിന്ന് ഇല്ല്യാസ് എന്ന് പേര് എഴുതിയ അഞ്ചു പവന്റെ സ്വർണത്താലിമാല ലഭിച്ചത്.
അഞ്ചലിലെ ചാണക വ്യാപാരിയായ ശ്രീധരനുമായി ബന്ധപ്പെട്ടെങ്കിലും മാലയുടെ ഉടമസ്ഥരെ കണ്ടെത്താനായില്ല. തുടർന്ന് സോഷ്യൽ മീഡിയയിൽ ഉടമസ്ഥരെ കണ്ടെത്തുന്നതിനായി പ്രചാരണം നടത്തി. ഒരാഴ്ച്ച മുമ്പ് ഉടമസ്ഥനായ ഇല്ല്യാസ് ഫോണിൽ ബന്ധപ്പെട്ട് മാല തന്റേതാണെന്ന് ഉറപ്പാക്കി. രണ്ടു വർഷങ്ങൾക്ക് മുമ്പ് കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതാകാമെന്ന് സംശയമുണ്ടായിരുന്നെന്നും ഇല്ല്യാസ് പറഞ്ഞു. ഇതിനിടെ പശുവിനെ ഇയാൾ വിറ്റു. പല കൈമറിഞ്ഞ പശു ഇപ്പോൾ ആരുടെ ഉടമസ്ഥതയിലാണെന്ന് ആർക്കുമറിയില്ല. ഇന്നലെ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ വച്ച് ഷൂജ ഉൾ മുൾക്കും ഭാര്യ ഷാഹിനയും ഇല്ല്യാസിനും ഭാര്യയ്ക്കും മാല കൈമാറി. സത്യസന്ധത കാട്ടിയ അദ്ധ്യാപക കുടുംബത്തിന് ഒരു സ്വർണ മോതിരം സമ്മാനമായി നൽകാനും ഉടമസ്ഥർ മറന്നില്ല.