കൊല്ലം: ആഗോള വാഹന വിപണിയിലെ വൈദ്യുതി വിപ്ളവത്തിന് കൊട്ടിയം എസ്.എൻ പോളിടെക്‌നിക്കിൽ നിന്ന് ഒരു വിജയഗാഥ. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷ നിർമ്മിച്ച ഇവിടത്തെ അവസാനവർഷ ഇലക്ട്രിക്കൽ ഡിപ്ളോമ വിദ്യാർത്ഥികളാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. പെട്രോളും ഡീസലും ഉപയോഗിച്ച് ഒാടുന്ന 6.5 ലക്ഷത്തോളം ഓട്ടോകൾ കേരളത്തിലെ നിരത്തുകളിലുണ്ടെന്നാണ് കണക്ക്. ഇതിൽ 3.5 ലക്ഷം വാഹനങ്ങളും 15 വർഷത്തോളം പഴക്കമുള്ളതാണ്. ഇന്ധനവില കണക്കാക്കിയാൽ ഭീമമായ നഷ്ടമാണ് ഇവ ഖജനാവിനുണ്ടാക്കുന്നത്. ഇത്രയും ഓട്ടോകൾ പുറത്തുവിടുന്ന മാലിന്യത്തിന്റെ തോത് അതിലും ഭീകരമാണ്. ഇന്ധന ലാഭത്തിനുപരിയായി മലിനീകരണമുക്ത വാഹനം നിർമ്മിക്കുകയെന്ന ആശയമാണ് വിദ്യാർത്ഥികളെ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഓട്ടോ നിർമ്മാണത്തിലേക്ക് നയിച്ചത്.
സംഗതി പ്രതീക്ഷിച്ചതിലും വിജയമായതോടെ ഇലക്ട്രിക്കൽ ബാച്ച് വിദ്യാർത്ഥികൾ ആകെ ത്രില്ലിലാണ്. പദ്ധതിയുടെ വിശദാംശങ്ങൾ സർക്കാരിന് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും.
പ്രധാന പ്രത്യേകതകൾ
ഒരു തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ ദൂരം ഓടാം
മണിക്കൂറിൽ 45 കിലോമീറ്റർ വേഗത
കിലോമീറ്ററിന് ചെലവ് 20 രൂപയിൽ താഴെ മാത്രം
6 പേർക്ക് വരെ യാത്ര ചെയ്യാം
ശബ്ദ, പുക മലിനീകരണങ്ങൾ ഇല്ല
കാര്യക്ഷമത കൂടുതലാണ്
ചെലവ് 2 ലക്ഷത്തോളം
ഇലക്ട്രിക്കൽ വിഭാഗം അദ്ധ്യാപകൻ കെ.എസ്. ആകാശ് കുമാർ നൽകിയ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷ എന്ന ആശയമാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് യാഥാർത്ഥ്യമാക്കിയത്. തുടർന്ന് ഒരു പ്രോജക്ടായി ഇതിനെ ഏറ്റെടുത്ത വിദ്യാർത്ഥികൾ ഓട്ടോറിക്ഷയുടെ രൂപകൽപ്പന പൂർത്തിയാക്കി പോളിയുടെ കാമ്പസിൽ ഓടിച്ച് വിജയം ഉറപ്പാക്കി. രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവായത്. രാഹുൽ ചന്ദ്രൻ, അനീഷ്, ശരത്, വിഷ്ണു, അച്ചു വിനയൻ, അഭിലാഷ്, സുജിത്, വിഷ്ണുപ്രസാദ്, അഖിൽ, ഗായത്രി, അശ്വനി, രാജലക്ഷ്മി തുടങ്ങി ബാച്ചിലെ 50 വിദ്യാർത്ഥികളും പ്രോജക്ടിൽ പങ്കാളികളായി.
പദ്ധതി സർക്കാർ അംഗീകരിക്കുകയും സബ്സിഡി അനുവദിക്കുകയും ചെയ്താൽ ഇതിലും ചെലവ് കുറച്ച് വൈദ്യുതി ഓട്ടോകൾ നിർമ്മിക്കാൻകഴിയും
കെ.എസ് ആകാശ്കുമാർ, (അദ്ധ്യാപകൻ)