ഓയൂർ: എം.സി റോഡിൽ ആയൂർ വയയ്ക്കലിന് സമീപം ആനാട് ജംഗ്ഷനിൽ കോൺക്രീറ്റ് മിശ്രിതവുമായ വന്ന ടാങ്കർ ലോറിയും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്. ആർ.ടി.സി ഫാസ്റ്റും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും അഗ്നിഗോളമായി. ഇരുപത് പേർക്ക് പരിക്കേറ്റു. ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയാണ് തീ ആളിപ്പടർന്നത്.
ഗുരുതരമായി പരിക്കേറ്റ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിഭ്രാന്തരായി പുറത്തേക്കിറങ്ങാൻ കാട്ടിയ തിക്കിലും തിരക്കിലുമാണ് മിക്ക യാത്രക്കാർക്കും പരിക്കേറ്റത്.
ബസ് ഡ്രൈവർ പ്രകാശ് (50), ടാങ്കർ ഡ്രൈവർ കരുനാഗപ്പള്ളി സ്വദേശി രാജേന്ദ്രൻ എന്നിവരാണ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. രണ്ടു ഡ്രൈവർമാർക്കും പെട്ടെന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ പൊള്ളലേൽക്കുകയായിരുന്നു. ഒരു തീഗോളംപോലെയാണ് ടാങ്കർ ഡ്രൈവർ പുറത്തേക്ക് ചാടിയത്.
കണ്ടക്ടർ സജീം (30), യാത്രികരായ ചടയമംഗലം സ്വദേശികൾ രോഷ്നി (43), ബേബി (62),വിനില മോൾ (30),രജിത (30),ആര്യ (20),ജാസ്മിൻ (22),അനുഷ (20),കുമ്പളം സ്വദേശി രാജു (50),ഉളിയകോവിൽ സ്വദേശി ഡോ. അനില (30),പട്ടാഴി സ്വദേശി ജോസ്ന ജോൺ (26),ആറ്റിങ്ങൽ സ്വദേശികളായ ബീന (42), അഖിൽ (22),വിദ്യ (18),കൈലാസമുക്ക് സ്വദേശി കൃഷ്ണകുമാരി (33), ടാങ്കർ ലോറി ക്ളീനർ പശ്ചിമ ബംഗാൾ സ്വദേശി കലികുന്ന റാവു (22) എന്നിവരെ പരിക്കേറ്റ നിലയിൽ കൊട്ടാരക്കരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ച കഴിഞ്ഞ് 2.45 നായിരുന്നു അപകടം. ദേശീയപാതയുടെ സുരക്ഷാ ഇടനാഴി നിർമ്മാണവുമായി ബന്ധപ്പെട്ട് ആനാട് ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഇ.കെ.കെ കമ്പനിയുടെ മിക്സിംഗ് പ്ളാന്റിൽ നിന്നു കോൺക്രീറ്റുമായി എം.സി റോഡിലേക്ക് ഇറങ്ങി വരികയായിരുന്ന ടാങ്കർ കൊട്ടാരക്കരയിൽ നിന്നു തിരുവനന്തപുരത്തേയ്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുന്നിലേക്ക് വന്നു കയറുകയായിരുന്നു. ടാങ്കറിന്റെ ഡീസൽ ടാങ്കിൽ ബസ് ഇടിച്ചതോടെ ടാങ്ക് പൊട്ടി വൻശബ്ദത്തോടെ തീ ആളിപ്പടർന്നു. രണ്ടു ഡ്രൈവർക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ബസിൽ ഇരുപതോളം യാത്രക്കാർ മാത്രമുണ്ടായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കൊല്ലം റൂറൽ എസ്. പിയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നും എത്തിയ പൊലീസ്, മോട്ടോർ വാഹനവകുപ്പ്, വിവിധ യൂണിറ്രുകളിൽ നിന്നും എത്തിയ ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ ശ്രമഫലമായാണ് തീ അണച്ചത്. ഗ്യാസ് ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടതെന്ന അഭ്യൂഹം നാട്ടിൽ പരിഭ്രാന്തി പടർത്തി. എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.