police-station
Photo

കൊല്ലം: അഞ്ചാലുംമൂട്ടിലെ പ്രധാന ജംഗ്‌ഷനുകളിൽ അനധികൃതമായി ഓട്ടോ പാർക്ക് ചെയ്യുന്നതിനെതിരെ പൊലീസ് നടപടി. ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും ഓട്ടം ലഭിക്കാനായി റോഡിൽ കാത്തു കിടക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട് എന്ന പരാതിയെ തുടർന്നാണ് നടപടി. അഞ്ചാലുംമൂട് ഷോപ്പിംഗ് മാളിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകൾ വെള്ളിയാഴ്ച പൊലീസ് പിടികൂടി. വിവിധ ആവശ്യങ്ങൾക്കായി ഓട്ടോ പിടിച്ചു വരുന്നവർക്ക് ഓട്ടോ പാർക്ക് ചെയ്ത് സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം അഞ്ചാലുംമൂട്ടിലില്ലാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.

പാർക്കിംഗിന്റെ പേരിൽ നടപടി സ്വീകരിക്കാൻ മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥർ യാത്രക്കാരുടെ സൗകര്യം കൂടി മാനിക്കണം. വാഹനം പാർക്ക് ചെയ്ത് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കി നല്കാൻ അധികൃതർ തയ്യാറാവണം.

(ഒാട്ടോറിക്ഷാ യൂണിയൻ നേതാക്കളും ഡ്രൈവർമാരും)

പ്രതിഷേധം

അംഗീകൃത സ്റ്റാൻഡിനു മുന്നിൽ നിന്ന് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പൊലീസ് നടപടിക്കെതിരെ ഒാട്ടോറിക്ഷാ ഡ്രൈവർമാരുടെയും യൂണിയന്റെയും ഭാഗത്തു നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രികളിൽ രോഗിയുമായി പോയി മടങ്ങി വരുന്നവർ മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഓട്ടോ നിറുത്തി മരുന്ന് വാങ്ങുന്നതിനിടെ ഓട്ടോയ്ക്ക് പെറ്റി അടിച്ച് നല്കിയതും പ്രതിഷേധത്തിന് കാരണമായി.