കരുനാഗപ്പള്ളി: വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ കൊല്ലം ജില്ലാ സമ്മേളനത്തിന് കരുനാഗപ്പളിയിൽ ഉജ്ജ്വലമായ തുടക്കം. പ്രശസ്ത മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാതീയവും വംശീയവും തീവ്ര ദേശീയതയും ചേർന്ന സ്വത്വബോധത്തിലേക്ക് നാട് ചുരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളവും മതാധിഷ്ഠിത സംസ്ഥാനമായി മാറുന്നു. ഇതിനെതിരെ പൊതു സമൂഹം ജാഗ്രതരായിരിക്കണം. രാഷ്ട്രീയ ബോധത്തിന്റെ വേലിക്കെട്ടുകളാൽ പ്രതിരോധം സൃഷ്ടിക്കാനായില്ലെങ്കിൽ കേരളമെന്ന തുരത്തും കടലെടുക്കും. കാമ്പസുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം സർഗ്ഗാത്മകമാക്കാനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .എസ്.എഫ്.ഐ കൊല്ലം ജില്ലാ പ്രസിഡന്റ് മുഹമ്മദ് നസ്മൽ അദ്ധ്യക്ഷത വഹിച്ചു. എൽ.ലോയിഡ് രക്തസാക്ഷി പ്രമേയവും, ജെ .ജയേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. രക്തസാക്ഷിത്തം വരിച്ച അജയപ്രസാദിന്റെ കുടുംബാംഗങ്ങളെ സംസ്ഥാന സെക്രട്ടറി കെ. എം. സച്ചിൻ ദേവ് ആദരിച്ചു. ജില്ലാ സെക്രട്ടറി ആദർശ് .എം .സജി പ്രവർത്തന റിപ്പോർട്ടും,സംസ്ഥാന പ്രസിഡന്റ് വി .എ .വിനീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.പി.അൻവീർ,എസ്.ആഷിത, റഹ്ന സബീന, ശില്പ സുരേന്ദൻ എസ്.എഫ്.ഐ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എ. എബ്രഹാം, സ്വാഗതസംഘം ചെയർമാൻ പി.ആർ.വസന്തൻ തുടങ്ങിയവർ പ്രസംഗിച്ചു.ക്ലാപ്പന ഇ.എം .എസ് സാംസ്കാരിക വേദി ഗ്രന്ഥശാലയിലെ ബാലവേദി കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്ക്കാരത്തോടെയാണ് സമ്മേളനം തുടങ്ങിയത്. മുഹമ്മദ് നസ്മൽ , ജെയേഷ്, ആര്യ പ്രസാദ്, വിഷ്ണു എന്നിവിരടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.