കൊട്ടിയം: കശുഅണ്ടി വികസന കോർപ്പറേഷനിൽ നിലവിലെ സ്റ്റാൻഡിംഗ് ഓർഡർ ലംഘിച്ച് ദിവസ വേതന തൊഴിലാളികളെ സ്ഥലം മാറ്റിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ആൾ കേരളാ കാഷ്യു നട്ട് വർക്കേഴ്സ് ഫെഡറേഷൻ (യു.ടി.യു.സി) വർക്കിംഗ് പ്രസിഡന്റ് എ.എ. അസീസ് പറഞ്ഞു. കാഷ്യു കോർപ്പറേഷന്റെ നടപടിയിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഫാക്ടറി പടിക്കൽ ആരംഭിച്ച തൊഴിലാളികളുടെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഏകാധിപത്യ രീതിയിലാണ് പെരുമാറുന്നത്. തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കിൽ കനത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും എ.എ. അസീസ് പറഞ്ഞു.
ഐ.എൻ.ടി.യു.സി നേതാവ് മംഗലത്ത് രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കാഷ്യു ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ്, പ്ലാക്കാട് ടിങ്കു, സുന്ദരേശൻ പിള്ള, താജുദീൻ, തുളസി എന്നിവർ സംസാരിച്ചു.