ശാസ്താംകോട്ട: കുന്നത്തൂരിൽ അനുവദിച്ച എക്സൈസ് കോംപ്ലക്സിന് ഇന്ന് രാവിലെ 10.30ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ശിലാസ്ഥാപനം നടത്തും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. സോമപ്രസാദ്, എക്സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ശാസ്താംകോട്ട ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മൊട്ടക്കുന്നിലാണ് എക്സൈസ് കോംപ്ളക്സ് സ്ഥാപിക്കുന്നത്.
കുന്നത്തൂർ താലൂക്കിൽ അനുവദിക്കുന്ന പൊതു സ്ഥാപനങ്ങളെല്ലാം ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് സ്ഥാപിക്കുന്നതെന്ന ആരോപണങ്ങൾക്കിടയിലാണ് എക്സൈസ് കോംപ്ളക്സും ഇവിടേക്ക് മാറ്റുന്നത്. ഇത് കനത്ത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശാസ്താംകോട്ട ജംഗ്ഷനിലെ വാട്ടർ അതോറിറ്റിയുടെ സ്ഥലം ഏറ്റെടുത്ത് വിവിധ വകുപ്പുകളുടെ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്.
സർക്കാർ നേതൃത്വത്തിൽ തടാക തീരത്ത് കുന്നിടിച്ചു
എക്സൈസ് കോംപ്ലക്സിന്റെ ശിലാസ്ഥാപനത്തിനായി തടാക തീരത്തെ കുന്നിടിച്ചത് കനത്ത പ്രതിഷേധത്തിന് ഇടയാക്കി. പരിപാടിക്ക് വേദിയൊരുക്കുന്നതിനു വേണ്ടിയാണ് കുന്നിടിച്ചത്. തടാകസംരക്ഷണത്തിനായി വൃഷ്ടി പ്രദേശങ്ങളിൽ മണ്ണെടുപ്പും കുന്നിടിപ്പും തടയുമെന്ന് താലൂക്ക് വികസന സമിതി തീരുമാനിച്ച് ദിവസങ്ങൾക്കുള്ളിലാണ് പച്ചയായ നിയമ ലംഘനം നടന്നത്. തടാകതീരത്ത് കെട്ടിട നിർമ്മാണത്തിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തടാകത്തോട് ചേർന്ന് കുന്നിൻ പുറത്ത് കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുന്നത്. കുന്നിടിച്ച ഭാഗത്തെ മണ്ണ് തടാകത്തിലേക്ക് ഒലിച്ചിറങ്ങാതിരിക്കാൻ ആവശ്യമായ സംരക്ഷണ ഭിത്തി പോലും നിർമ്മിക്കാതെയാണ് കോംപ്ലക്സിന് തറക്കല്ലിടുന്നത്.