കൊല്ലം: ലോകസമാധാനത്തിനായി കെ.സി.വൈ.എം സംസ്ഥാന സമിതി കാസർകോട് മുതൽ കന്യാകുമാരി വരെ നടത്തുന്ന സമാധാന സന്ദേശയാത്രയ്ക്ക് കെ.സി.വൈ.എം കൊല്ലം രൂപതാ പോർട്ട് കൊല്ലം ശുദ്ധീകരണമാതാ ദേവാലയത്തിൽ സ്വീകരണം നൽകി. കൊല്ലം ഫാത്തിമാ മാതാ കുരിശടിയിൽ നിന്ന് രൂപതാ എപ്പിസ്കോപ്പൽ വികാർ ഫാ. ബൈജൂലിയാൽ തെളിയിച്ച ദീപശിഖാപ്രയാണം ബൈക്ക് റാലിയുടെ അകമ്പടിയോടുകൂടി പോർട്ട് കൊല്ലം ദേവാലയത്തിലെത്തി. രൂപതാ മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി സമാധാന സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു. തീരദേശ പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള നിവേദനം നൽകുന്നതിനുള്ള ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം കൊല്ലം ബിഷപ്പും കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റും സംയുക്തമായി നിർവഹിച്ചു. കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് എഡ്വേർഡ് രാജു അദ്ധ്യക്ഷത വഹിച്ചു.