ശാസ്താംകോട്ട: എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്താൻ ഇടതു സർക്കാർ തുടർച്ചയായ നടപടി സ്വീകരിച്ചു വരുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കുന്നത്തൂരിലെ എക്സൈസ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനികവൽക്കരണത്തിന്റെ ഭാഗമായി സേനയിൽ വയർലസ് സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എൻഫോഴ്സ്മെന്റിനെ കൂടുതൽ ശക്തിപ്പെടുത്തും. ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ലഹരി പദാർത്ഥങ്ങളുടെ വിപണനം സംസ്ഥാനത്ത് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കും. കൊല്ലം ജില്ലയിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് നടപ്പാക്കിയ വിമുക്തിസേന സംസ്ഥാന തലത്തിൽ നടപ്പാക്കുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാമണി, ജില്ലാ പഞ്ചായത്ത് അംഗം ശോഭന, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ. നൗഷാദ്, കുന്നത്തൂർ പ്രസാദ്, കെ.എസ്. ശുഭ, അനിതാ പ്രസാദ് തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു. എക്സൈസ് കമ്മിഷണർ അനന്തകൃഷ്ണൻ സ്വാഗതം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
ശാസ്താംകോട്ട : എക്സൈസ് കോംപ്ലക്സിന്റെ നിർമ്മാണത്തിനായി സംരക്ഷണ ഭിത്തി നിർമ്മിക്കാതെ തടാകത്തീരത്തെ കുന്നിടിച്ചതിൽ പ്രതിഷേധിച്ച് ശിലാസ്ഥാപന വേദിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.