bag
പ്ലാസ്റ്റിക്

പ്ലാസ്റ്റിക്ക് നിരോധനവും ബോധവൽക്കരണവും പാതി വഴിയിൽ നിലച്ചു

കൊല്ലം: നിലവാരമില്ലാത്ത പ്ലാസ്റ്റിക് സഞ്ചികൾക്ക് ഏർപ്പെടുത്തിയ നിരോധനം നടപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും പിൻവലിഞ്ഞതോടെ ഇത്തരം ഉൽപ്പനങ്ങൾ വിപണിയിൽ സുലഭം. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികൾ പിടിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തുടക്കത്തിൽ നടത്തിയ കർശന പരിശോധനകൾ പിന്നീട് ഇല്ലാതായതാണ് തിരിച്ചടിയായത്. ബോധവൽക്കരണ പ്രവർത്തനങ്ങളും പാതിവഴിയിൽ നിലച്ചു. ഏത് നിമിഷവും പരിശോധനകൾ ഉണ്ടാകുമെന്ന് വ്യാപാരികളും ജനങ്ങളും ഭയപ്പെട്ടിരുന്ന സമയത്ത് ഏവരും പേപ്പർ ബാഗുകളും തുണി സഞ്ചികളും ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.

ഉപഭോക്താക്കൾ സഞ്ചി കൊണ്ടുവരണമെന്ന ബോർഡ് പതിച്ച സ്ഥാപനങ്ങൾ വരെയുണ്ടായിരുന്നു. നിരന്തരം നേരിട്ട പരിശോധനകളാണ് പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാൻ എല്ലാവരെയും അന്ന് നിർബന്ധിതരാക്കിയത്. നിരോധനം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ സംവിധാനങ്ങൾ പിൻവാങ്ങിയതോടെ ഉപഭോക്താക്കളും കച്ചവടക്കാരും നിലവാരമില്ലാത്ത പ്ലാസ്റ്റിക് സഞ്ചികൾക്ക് പിന്നാലെ പോയി. തുണിസഞ്ചികളുടെ ലഭ്യതകുറവും ബദൽ മാർഗങ്ങളുടെ അപര്യാപ്‌തതയുമാണ് നിലവാരമില്ലാത്ത ഇവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതെന്ന നിലപാടിലാണ് വ്യാപാരികൾ.

 ചൂട് ഭക്ഷണം പൊതിയുന്നത് പ്ലാസ്റ്റിക്ക് പേപ്പറിലും കവറിലും

തട്ടുകടകളിലും ചെറിയ ഹോട്ടലുകളിലും സർക്കാർ ഓഫീസുകളിലെ കാന്റിനുകളിലും വരെ പ്ലാസ്റ്റിക് പേപ്പറിലാണ് ഭക്ഷണം പൊതിഞ്ഞു നൽകുന്നത്. ഉച്ചസമയത്ത് ചൂട് കറികളും ചോറും ഉൾപ്പെടെ പൊതിഞ്ഞ് നൽകാനും പ്ലാസ്റ്റിക് കവറുകൾ മാത്രം. കുട്ടികൾക്ക് സ്‌കൂളിലേക്ക് പ്ലാസ്റ്റിക് പേപ്പറിൽ ഭക്ഷണം പൊതിഞ്ഞ് കൊടുത്ത് വിടുന്ന രക്ഷിതാക്കളുമുണ്ട്.

 'പ്ലാസ്റ്റിക്ക് ഭക്ഷണത്തിന് ' നിരോധനം ജൂലായ് മുതൽ; കേരളത്തിൽ അറിവില്ല

പേപ്പർ, പ്ലാസ്റ്റിക് കണ്ടെയ്‌നർ, കാരി ബാഗ് എന്നിവയിൽ ഭക്ഷണം പൊതിഞ്ഞു നൽകുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ജൂലൈ ഒന്ന് മുതൽ നിരോധനം നിലവിൽ വരും. പക്ഷേ ഇത് സംബന്ധിച്ച നിർദേശങ്ങളൊന്നും ഇന്നലെ വരെയും സംസ്ഥാനത്തെ ഫുഡ് സേഫ്ടി വിഭാഗത്തിന് ലഭിച്ചിട്ടില്ല. പേപ്പറുകൾ, റീ സൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക് എന്നിവ ഭക്ഷണം പൊതിഞ്ഞു നൽകാനും സൂക്ഷിക്കാനും കൊണ്ടുപോകാനും ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം.

പേടിക്കണം പ്ലാസ്റ്റികിനെ

പ്ലാസ്റ്റിക് പേപ്പറിൽ ചൂട് ഭക്ഷണം പൊതിഞ്ഞാൽ ഉരുകി ഭക്ഷണത്തിനൊപ്പം ചേരും. ഉടനടി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ഗുരുതരമായ രോഗ സാദ്ധ്യതകളിലേക്ക് ഇത് വഴി തുറക്കും.

കാൻസറിന്റെ പല കാരണങ്ങളിലൊന്ന് പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ ചൂട് ഭക്ഷണം സ്ഥിരമായി കഴിക്കുന്നതാണ്. സങ്കീർണ്ണമായേക്കാവുന്ന ഉദര രോഗങ്ങൾക്കും ഇത് കാരണമാകും.

ചില പേപ്പർ ഗ്ലാസുകളിലും പ്ലാസ്റ്റിക് ആവരണമുണ്ട്. ചൂട് ചായ ഗ്ലാസിലേക്ക് പകരുമ്പോൾ പ്ലാസ്റ്റിക് ആവരണം ചായയിലേക്ക് ഉരുകി ചേരും. പച്ച വെള്ളം ഏറെ നേരം ഇത്തരം ഗ്ലാസുകളിൽ വെച്ചിരുന്നാലും ഇങ്ങനെ സംഭവിക്കും.

തട്ടുകടകളിൽ പലയിടത്തും പാത്രത്തിന് മുകളിൽ പ്ലാസ്റ്റിക് പേപ്പർ വിരിച്ചാണ് ഭക്ഷണം വിളമ്പുന്നത്. ഇഡലി തട്ടിൽ പ്ലാസ്റ്റിക് പേപ്പർ നിരത്തിയ ശേഷം മാവ് ഒഴിച്ച് ചൂടാക്കുന്ന കടകളും ഉണ്ട്.

കടകളിൽ നിന്ന് ഭക്ഷണം വാങ്ങാൻ പോകുമ്പോൾ പാത്രം കരുതുക. കടകളിൽ പാത്രം കൊടുത്ത് ഭക്ഷണം വാങ്ങുന്നത് നാണക്കേടല്ല, നാളെയിലേക്കുള്ള കരുതലാണ്.

......................................

പ്ലാസ്റ്റിക് പേപ്പറുകളിലും കവറുകളിലും പൊതിഞ്ഞ ചൂട് ഭക്ഷണം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. നിലവിലെ സാഹചര്യങ്ങൾ ആരോഗ്യ വകുപ്പും പരിശോധിക്കുകയാണ്.

ഡോ.ആർ.സന്ധ്യ. ഡെപ്യൂട്ടി ഡി.എം.ഒ