കുലുക്കമില്ലാത കെ.എസ്.ഇ.ബി
കൊല്ലം: വിദ്യാർത്ഥികളടക്കം ആയിരക്കണക്കിന് പേർ സ്ഥിരമായി കടന്നുപോകുന്ന കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ ഏത് നിമിഷവും കടപുഴകുമെന്ന അവസ്ഥയിൽ നിൽക്കുകയാണ് രണ്ട് വൈദ്യുതി തൂണുകൾ. ഒന്ന് ചിന്നക്കടയിലേക്കുള്ള ബസ് ഷെൽട്ടറിന് എതിർവശം തൊട്ടടുത്തുള്ള കെട്ടിടത്തിൽ തട്ടി തട്ടിയില്ലെന്ന അവസ്ഥയിലാണ്. രണ്ടാമത്തേത് എസ്.എൻ കോളേജിന് മുന്നിലെ നടപ്പാതയും ശാരദാമഠം റോഡും ചേരുന്നിടത്താണ്.
ശക്തമായ കാറ്റടിച്ചാൽ രണ്ട് വൈദ്യുതി തൂണുകളും പിഴുത് വീഴുമെന്ന കാര്യം ഉറപ്പാണ്. മഴ പെയ്യുമ്പോൾ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്താണ് പോസ്റ്റുകൾ സ്ഥിതി ചെയ്യുന്നത്. ഒരാഴ്ച മുമ്പ് വരെ നേരെ നിന്ന ഈ പോസ്റ്റുകൾ മഴയിൽ മണ്ണ് കുതിർന്നാണ് ചരിഞ്ഞ് തുടങ്ങിയത്.
വൈദ്യുതി കമ്പികൾ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന കെ.എസ്.ഇ.ബി അധികൃതർ ദുരന്ത സാദ്ധ്യതയുമായി നിൽക്കുന്ന വൈദ്യുതി തൂണുകൾ കണ്ട ലക്ഷണം പോലും കാണിക്കുന്നില്ല. ചരിഞ്ഞ് നിൽക്കുന്ന ഈ തൂണുകൾ കടപുഴകാതിരിക്കാൻ താങ്ങ് കൊടുക്കാനും തയ്യാറായിട്ടില്ല.
ബസ് ഷെൽട്ടറിന് എതിർവശം ചരിഞ്ഞ് നിൽക്കുന്ന വൈദ്യുതി തൂണിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. നൂറ് കണക്കിന് പേരും ഈ സ്ഥാപനങ്ങളിൽ സ്ഥിരമായി ഉണ്ടാകും. ശാരദാമഠം റോഡ് തുടങ്ങുന്നിടത്തെ തൂണ് കടപുഴകിയാൽ പതിക്കുക എസ്.എൻ. കോളേജിലേക്കായിരിക്കും.