memu
എറണാകുളം കൊല്ലം മെമു

 സമയക്രമം പാലിച്ചെന്ന് വരുത്താൻ സമയപട്ടികയിൽ ക്രമക്കേട്

കൊല്ലം: എറണാകുളത്ത് നിന്ന് പുലർച്ചെ കൊല്ലത്തേക്ക് പുറപ്പെടുന്ന മെമു സമയക്രമം പാലിക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം റെയിൽവേ അവഗണിക്കുന്നു. രാവിലെ 05.50ന് പുറപ്പെടുന്ന മെമു 10ന് കൊല്ലത്ത് എത്തുന്ന തരത്തിലാണ് റെയിൽവേയുടെ സമയപ്പട്ടിക. ട്രെയിനുകൾ നിരന്തരം വൈകുന്നുവെന്ന പരാതി ഒഴിവാക്കാൻ സമയക്രമത്തിലും റെയിൽവേ ഉന്നതർ ക്രമക്കേട് നടത്തിയെന്നാണ് സ്ഥിരം യാത്രക്കാരുടെ പരാതി.

മെമു സമയക്രമം പാലിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനാൽ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറയുകയാണിപ്പോൾ. മെമുവിന് മുമ്പ് തിരുവനന്തപുരത്തേക്ക് പോകുന്ന വഞ്ചിനാട് എക്‌സ്‌പ്രസിനെയാണ് മെമുവിൽ യാത്ര ചെയ്‌തിരുന്ന സ്ഥിരം യാത്രക്കാർ ഇപ്പോൾ ആശ്രയിക്കുന്നത്. ഇതോടെ മെമുവിലെ സ്ഥിരം യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. രാവിലെ പത്തിന് ഓഫീസുകളിലും കോളേജുകളിലും എത്തേണ്ടവർ മെമുവിനെ ആശ്രയിച്ചാൽ സമയത്ത് എത്താനാകില്ലെന്ന സ്ഥിതിയാണിപ്പോൾ.

 05.50ന് എറണാകുളത്ത് നിന്ന് തിരിക്കുന്ന മെമു 62 കിലോമീറ്ററുകൾ താണ്ടി 07.18ന് കോട്ടയത്ത് എത്തും. പക്ഷേ അവിടെ നിന്ന് 96 കിലോമീറ്റർ ദൂരമുള്ള കൊല്ലത്ത് എത്തണമെങ്കിൽ 2.42 മണിക്കൂർ വേണം.

 മൺറോതുരുത്തിൽ നിന്ന് ട്രെയിൻ കൊല്ലത്ത് എത്താൻ 15 മുതൽ 17വരെ മിനിട്ടുകൾ മതിയാകും. പക്ഷേ രാവിലെ 09.07ന് മൺൺറോതുരുത്തിൽ എത്തുന്ന മെമു 16 കിലോമീറ്റർ അകലെയുള്ള കൊല്ലത്ത് എത്താൻ എടുക്കുന്നത് 53 മിനിട്ടാണ്.

മെമു വൈകിയോടിയാലും കൊല്ലത്ത് എത്തുമ്പോൾ സമയക്രമം പാലിച്ചുവെന്ന് വരുത്താനാണ് സമയപ്പട്ടികയിൽ ഇത്തരം ക്രമക്കേട് നടത്തുന്നത്.

 കൊല്ലം റെയിൽവേ സ്റ്റേഷനിൽ ആറ് പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും ഭൂരിപക്ഷം ദിവസങ്ങളിലും സ്റ്റേഷനിൽ നിന്ന് ഏറെ ദൂരെയുള്ള ഔട്ടറിൽ മെമു പിടിച്ചിടും. ഇതോടെ യാത്രക്കാർ നടന്ന് പോകാൻ പോലും കഴിയാതെ മെമുവിനുള്ളിൽ അകപ്പെടും. 15- 20 മിനിട്ട് വരെയൊക്കെ പിടിച്ചിടുന്ന ദിവസങ്ങളുണ്ട്.

യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഔട്ടറിൽ പിടിച്ചിടാതെ ഏതെങ്കിലും പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ മെമുവിന് അവസരം നൽകണമെന്ന ആവശ്യം റെയിൽവേ പരിഗണിച്ചിട്ടില്ല.