പുത്തൂർ : പുത്തൂർ ടൗണിലെ വെള്ളക്കെട്ടും കുഴികളും യാത്രക്കാരെ വലയ്ക്കുന്നു. മഴ കനത്താൽ പുത്തൂർ ചന്തമുക്ക് വരെയുള്ള ഭാഗത്ത് റോഡേതാണെന്ന് അറിയാനാവാത്ത അവസ്ഥയാണ്. ഓട്ടോറിക്ഷാ സ്റ്റാൻഡും നിരവധി കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പ്രധാന ഭാഗമാണിത്. വെള്ളക്കെട്ട് കാരണം ഇവിടേക്ക് കടന്നു വരാനോ പുറത്തേക്കു പോകാനോ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഒാടകൾ നിറഞ്ഞൊഴുകുന്നു
ശുചീകരണമില്ലാത്തതിനാൽ ടൗണിലെ ഓടകളെല്ലാം മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. ഒാടയിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നതിനാൽ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മലിനജലം ചെറുമങ്ങാട് ചേരിയിൽ ദേവീ ക്ഷേത്ര കവാടത്തിന്റെ ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത്. ആലയ്ക്കൽ ജംഗ്ഷൻ വരെയും ഓടകളിൽ മലിനജലം നിറഞ്ഞു കിടക്കുകയാണ്.
കയറി നിൽക്കാനിടമില്ല
പുത്തൂർ ടൗണിൽ ബസ് കാത്തു നിൽക്കുന്നവർക്ക് മഴ പെയ്താൽ കയറി നിൽക്കാൻപോലും ഇടമില്ലാത്ത അവസ്ഥയാണ്. മഴ നനായാതിരിക്കണമെങ്കിൽ കച്ചവട കേന്ദ്രങ്ങളുടെ തിണ്ണയാണ് യാത്രക്കാർക്ക് ശരണം. സ്റ്റോപ്പിൽ ബസ് കാത്തു നിന്നാലും വാഹനം നിറുത്താതെ പോകാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. രാവിലെയും വൈകിട്ടും വിദ്യാർത്ഥികളെ കയറ്റാതെ ബസ് വിട്ടു പോകുന്നതും പതിവാണ്.
മഴക്കാലദുരിതം ഇരട്ടിയാക്കി റോഡിലെ കുഴികളും ഗതാഗതക്കുരുക്കും
റോഡിൽ രൂപപ്പെട്ട കൂറ്റൻ കുഴികളാണ് പുത്തൂരിലെ മഴക്കാലദുരിതം ഇരട്ടിയാക്കുന്നത്. വെള്ളക്കെട്ടായതിനാൽ കുഴികൾ തിരിച്ചറിയാനാകാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ചന്തമുക്കിൽ ചീരങ്കാവ് റോഡ് സംഗമിക്കുന്ന ഭാഗത്തെ വലിയ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ശാസ്താംകോട്ടയിലേക്കുള്ള ബസ് സറ്റോപ്പിന്റെ ഭാഗത്തെ കുഴികളും ചീരങ്കാവ് റോഡിൽ ചാലിൽ ഭാഗത്തെ ഇന്റർലോക്ക് കട്ടകൾ ഇളകിയുണ്ടായ കുഴികളുമാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കുഴികളും വെള്ളക്കെട്ടും വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൂരം വരുന്ന പുത്തൂർ ടൗൺ കടക്കാൻ ചില സമയങ്ങളിൽ അരമണിക്കൂർ വരെ വേണ്ടി വരുമെന്ന് യാത്രക്കാർ പറയുന്നു.