ഓച്ചിറ: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമായി. ഓച്ചിറക്കളിക്ക് മുന്നോടിയായി എട്ടുകണ്ടം, തകിടികണ്ടം, പടനിലം എന്നിവ വൃത്തിയാക്കുകയും പടനിലം കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു. കളരി ആശാന്മാർക്ക് പിങ്ക് നിറത്തിലും കിഴക്കേക്കരയിലെ യോദ്ധാക്കൾ മഞ്ഞ നിറത്തിലും പടിഞ്ഞാറേ കരയിലെ യോദ്ധാക്കൾ നീല നിറത്തിലുമുള്ള ബനിയനുകൾ ധരിച്ചാണ് ഓച്ചിറക്കളിയിൽ അണിചേർന്നത്. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിലെ 200ഒാളം കളരികളിൽ നിന്ന് ആയിരത്തോളം യോദ്ധാക്കൾ പടനിലത്തെത്തി ആയോധന കലകൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12ന് ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥൻ ധ്വജം പടത്തലവൻമാർക്ക് കൈമാറിയതോടെ ഘോഷയാത്ര ആരംഭിച്ചു. അലങ്കരിച്ച ഋഷഭ വീരന്മാർ, താലപ്പൊലി, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയ്ക്ക് കരനാഥന്മാർ, സ്ഥാനികൾ, ഭരണസമിതി അംഗങ്ങൾ, ഗുരുക്കന്മാർ എന്നിവർ നേതൃത്വം നൽകി. ഘോഷയാത്ര കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, എട്ടുകണ്ടം, ഒണ്ടിക്കാവ്, തകിടിക്കണ്ടം, മഹാലക്ഷ്മി കോവിൽ, അയ്യപ്പൻ കോവിൽ, ഗണപതി ആൽത്തറ എന്നിവ വലംവെച്ച് എട്ട് കണ്ടത്തിന് കിഴക്കും പടിഞ്ഞാറുമായി അണിനിരന്നു. തുടർന്ന് കരക്കളി ആരംഭിച്ചു. കൃഷ്ണപ്പരുന്ത് എട്ടുകണ്ടത്തിന് മുകളിൽ വട്ടമിട്ട് പറന്നതോടെ ഭരണ സമിതി അംഗങ്ങൾക്കൊപ്പം കരനാഥന്മാർ എട്ടുകണ്ടത്തിലിറങ്ങി കരപറഞ്ഞ് പരസ്പരം ഹസ്തദാനം ചെയ്തു. ഇതോടെ ഇരുകരകളിലുമായി നിലയുറപ്പിച്ച യോദ്ധാക്കൾ എട്ടുകണ്ടത്തിലിറങ്ങി പോരാട്ടം നടത്തി. തുടർന്ന് ക്ഷേത്രക്കുളത്തിലെ സ്നാനത്തിന് ശേഷം കളരികളിലേക്ക് മടങ്ങി. കളി നാളെയും തുടരും.
വാർദ്ധക്യത്തിലും ഉശിരോടെ ശിവദാസൻ ആശാൻ
കഴിഞ്ഞ 75 വർഷക്കാലമായി കൊറ്റമ്പള്ളി ശിവദാസൻ ആശാൻ ഓച്ചിറ പടനിലത്ത് ആയോധനകലകൾ അവതരിപ്പിക്കുന്നു. എട്ടാമത്തെ വയസിൽ പിതാവും ഗുരുവുമായ നീലകണ്ഠൻ ആശാന്റെ ശിഷ്യത്വത്തിലാണ് ആശാൻ ആയോധനകലകൾ അഭ്യസിച്ചത്. 83ാം വയസിലും പിഴക്കാത്ത ചുവടുകളും അടവുകളുമായി ആശാൻ കാണികളുടെ മനം കവരുകയാണ്. ഇത്തവണയും ആശാന്റെ നേതൃത്വത്തിൽ അമ്പതോളം ശിഷ്യന്മാർ ഓച്ചിറക്കളി അവതരിപ്പിക്കാൻ പടനിലത്തെത്തിയിരുന്നു. അഞ്ച് വയസ് മുതൽ 80 വയസ് വരെയുള്ളവർ ആശാന്റെ ശിഷ്യ സംഘത്തിലുണ്ട്.