pathanapuram

പത്തനാപുരം/കൊല്ലം: നഷ്ടത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ നൽകുന്നത് എട്ടിന്റെ പണി! മെഷീനുകൾ വ്യാപകമായി പണിമുടക്കുന്നു. കടലാസ് ടിക്കറ്റ് റാക്കുകളിൽ നിന്ന് ഇല്ട്രോണിക് ടിക്കറ്റ് മെഷീനുകളിലേക്ക് പൂർണമായി മാറിയെങ്കിലും രണ്ടും കൂടെ കരുതിയില്ലെങ്കിൽ ടിക്കറ്റ് വിതരണം മുടങ്ങുന്ന അവസ്ഥയാണ്. മിക്ക ഡിപ്പോകളിലും കണ്ടക്ടർമാർ പഴയ ടിക്കറ്റ് റാക്കാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കെ.ബി.ഗണേഷ് കുമാർ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയതാണ് ഇലക്ടോണിക് ടിക്കറ്റ് മെഷീനുകൾ. ആദ്യസമയത്ത് കെൽട്രോണിനാണ് ഓർഡർ നൽകിയിരുന്നത്. നിലവിൽ ബംഗളൂരുവിലെ ഒരു കമ്പനിയുടെ മെഷീനുകളാണ് ഉപയോഗിക്കുന്നത്. ബാറ്ററി ചാർജിന് അധികം ആയുസില്ലെന്നുള്ളതാണ് പ്രധാന ന്യൂനത. സോഫ്‌റ്റ് വെയറും കീപാഡും നശിച്ചു തുടങ്ങിയതാണ് മറ്റൊരു വെല്ലുവിളി. അക്ഷരങ്ങൾ പതിയാത്തത് ഭൂരിഭാഗം മെഷീനുകളേയും ഉപയോഗശൂന്യമാക്കുന്നു.

രണ്ടുവർഷത്തെ ഗ്യാരണ്ടി കാലാവധിയായിരുന്നു കരാറിലെ മുഖ്യ ആകർഷണം. ആദ്യമൊക്കെ ബംഗളൂരുവിലെ കമ്പനിയിൽ നിന്ന് ടെക്നീഷ്യൻമാരെത്തി കേടുപാടുകൾ പരിഹരിച്ചിരുന്നു. കരാർ കാലാവധി അവസാനിച്ചതോടെ ജി.പി.എസ് സംവിധാനത്തോടുകൂടിയ മെഷീനുകൾ കേടാകുന്നു. ഒരു മെഷീന് 15,000 രൂപയിലധികമാണ് വില. സ്വകാര്യ ബസുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾക്ക് 6,000 രൂപയിൽ താഴെയാണ് വില.

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് മെഷീനിൽ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചതാണ് വില കൂടാൻ കാരണം. മെഷീന്റെ നേരിയ തകരാറുകൾ കണ്ടക്ടർമാർതന്നെ പരിഹരിച്ചാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ യാത്രക്കിടെ മിക്കസമയവും തകരാറിലാവുന്നത് കണ്ടക്ടർമാരെ ബുദ്ധിമുട്ടിലാക്കുന്നു. ഇതുകാരണം തിരക്കേറിയ ബസുകൾ മിക്കതും ഇപ്പോൾ ദീർഘനേരം റോഡരികിൽ നിറുത്തിയിട്ട് ടിക്കറ്റ് കൊടുക്കേണ്ട സ്ഥിതിയുമുണ്ട്. ഗുണനിലവാരമുള്ള ടിക്കറ്റ് മെഷീൻ നൽകണമെന്നാണ് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നത്.

ഒരാഴ്ചക്കുള്ളിൽ പുതിയ മെഷീൻ

ന്യൂ ജനറേഷൻ ടിക്കറ്റ് മെഷീനുകൾ വാങ്ങുന്നതിന് പുതിയ കരാറായിട്ടുണ്ട്. ഈ ആഴ്‌ച അവസാനത്തോടെ മെഷീനുകൾ എത്തുമെന്നാണ് കോർപ്പറേഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. 6,​200 പുതിയ മെഷീനുകളാണ് എത്തുന്നത്. ബംഗളൂരു ആസ്ഥാനമായ ക്വാണ്ടം എകൺ കമ്പനിക്ക് തന്നെയാണ് പുതിയ മെഷീനുകളുടെയും കരാർ. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 108 ഷെഡ്യൂളുകൾക്കായി 125 മെഷീനുകൾ ഉണ്ടെന്നും ഒന്നിനും കാര്യമായ കേടുപാടുകൾ ഇല്ലെന്നും കൊല്ലം ഡിസ്‌ട്രിക്‌ട് ട്രാൻസ്‌പോർട്ട് ഓഫീസർ പറയുന്നു.

ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ ജി.പി.എസ് സംവിധാനത്തിന്റെ ആവശ്യമില്ല. ഇത് അധിക ചെലവിന് കാരണമാകും. അടിയന്തരമായി ന്യൂജെൻ ടിക്കറ്റ് മെഷീനുകളുടെ ലഭ്യത ഉറപ്പാക്കണം.

കണ്ടക്‌ടർമാർ