തമിഴ്നാട്ടിലെ ട്രോളിംഗ് നിരോധനം ഇന്നവസാനിക്കും
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങിയത് പത്താം തീയതി മുതൽ
പത്തനാപുരം: തമിഴ്നാട്ടിലും കേരളത്തിലും ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മാർക്കറ്റുകളിൽ മത്സ്യങ്ങൾക്ക് ക്ഷാമമായി. തമിഴ്നാട്ടിലെ ട്രോളിംഗ് നിരോധനം ഇന്നവസാനിക്കും. സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം പത്താം തീയതിയാണ് തുടങ്ങിയത്. 55 ദിവസമാണ് ട്രോളിംഗ് നിരോധനം. പച്ച മീൻ കിട്ടാതായതോടെ ഉണക്കമീനിന് ആവശ്യക്കാരേറി. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ കിഴക്കൻ മേഖലയിലെ മാർക്കറ്റുകളിൽ ഉണക്കമീനിനും ക്ഷാമം നേരിടുകയാണ്. തമിഴ്നാട്ടിൽ നിന്നുളള മീനിന്റെ വരവിനായി കാത്തിരിക്കുകയാണ് വ്യാപാരികൾ. ട്രോളിംഗ് നിരോധനത്തെ തുടർന്ന് ഭൂരിഭാഗം മത്സ്യസ്റ്റാളുകളും അടഞ്ഞുകിടക്കുകയാണ്. ചില സ്റ്റാളുകളിൽ കുറഞ്ഞ തോതിൽ പച്ച മത്സ്യമെത്തുന്നുണ്ടെങ്കിലും തീവിലയാണ്. ട്രോളിംഗിനൊപ്പം കാലവർഷത്തിൽ കടൽക്ഷോഭം ശക്തമായതും മത്സ്യക്ഷാമം രൂക്ഷമാകുന്നതിന് കാരണമായി. ട്രോളിംഗ് കാലത്ത് ചെറുവള്ളങ്ങൾ മീൻപിടിക്കാൻ പോവാറുണ്ടെങ്കിലും കടൽക്ഷോഭം ശക്തമായതിനാൽ അതും കുറവാണ്.
ഒരു കിലോ ഉണക്ക മീൻ പുതിയ വില, പഴയ വില ബ്രാക്കറ്റിൽ
കരിച്ചാള മത്തി 200 (180)
കൊഞ്ച് 1000 (600)
നന്തൽ 300 (200)
ഉലുവാച്ചി 250 (140)
നെത്തോലി 600 (400)
തെരണ്ടി 800 (600)
കോര 300 (150)
വെള്ളാക്കണ്ണി 220 (130)
കുറിച്ചി 280 (160)