കുന്നത്തൂർ: കലയുടെ അന്തസത്ത ഉൾക്കൊണ്ട് ജീവിതചര്യയിലൂടെ പൊതു സമൂഹത്തിന്റെ ആവശ്യങ്ങൾക്കൊപ്പം സഞ്ചരിച്ച ശാസ്താംകോട്ട രാമചന്ദ്രന്റെ കഴിവ് നിസ്തുലമായിരുന്നെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി അനുസ്മരിച്ചു. ശാസ്താംകോട്ട രാമചന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പനപ്പെട്ടി ഗവ. എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങൾ കഥാപ്രസംഗത്തിലൂടെ നിരവധി വേദികളിൽ അവതരിപ്പിച്ച് കാഥികനെന്ന നിലയിലും മികച്ച സംഗീത സൃഷ്ടികൾ ആസ്വാദക ലോകത്തിന് നൽകി സംഗീത പ്രതിഭ എന്ന നിലയിലും തിളങ്ങിയ അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോൾ അർഹിക്കുന്ന അംഗീകാരം നൽകാൻ സമൂഹത്തിന് കഴിഞ്ഞില്ലെന്നും വി. ശശി പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ പുരസ്കാരങ്ങൾ നൽകി ആദരിച്ചു, പൊതുവിദ്യാലയ മികവിനുള്ള പുരസ്കാരം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദും മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ഡോ. അശോക് ബാബുവും സമ്മാനിച്ചു. ജി. ബിജു, ശൂരനാട് മീന, സഞ്ജയ് പണിക്കർ, വടമൺ വിനോജി, ബാലമുരളീകൃഷ്ണ, കെ. ബാബു എന്നിവർ സംസാരിച്ചു.