photo
കടൽ ഭിത്തിയുടെ മുകളിലൂടെ കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ച് കയറുന്നു.

കരുനാഗപ്പള്ളി: പരിസരവാസികളിൽ ഭീതി പരത്തിക്കൊണ്ട് ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ സമുദ്രതീരം കൂറ്റൻ തിരമാലകൾ കാർന്നെടുക്കുന്നു. ഇന്നലെ നിലവിലുള്ള കടൽ ഭിത്തികളെ മറി കടന്നെത്തിയ കൂറ്റൻ തിരമാലകളാണ് സമുദ്ര തീരത്ത് താണ്ഡവമാടിയത്. രാവിലെ 11 മണിയോടെ തുടങ്ങിയ കടൽ ക്ഷോഭം വൈകിട്ടോടെയാണ് ശമിച്ചത്. പഞ്ചായത്തിന്റെ തെക്കേ അറ്റമായ വെള്ളനാതുരുത്ത് മുതൽ വടക്കോട്ട് അഴീക്കൽ വരെ 16 കിലോമീറ്റർ നീളത്തിൽ ശക്തമായ കടലാക്രമണമാണ് നടന്നത്. നിലവിലുള്ള ഏറക്കുറേ തകർന്ന കടൽ ഭിത്തിയുടെ മുകളിലൂടെയാണ് തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയത്. റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ളവർ സുരക്ഷിത സ്ഥലങ്ങളിൽ അഭയം തേടി. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ചെറിയഴീക്കൽ വടക്കേനട ഭഗവതി ക്ഷേത്രവും കുരുക്കശ്ശേരിൽ ഭദ്രകാളീ ക്ഷേത്രവും കടലാക്രമണ ഭീഷണിയിലാണ്. കടലിൽ നിന്ന് പാറയും മറ്റ് മാലിന്യങ്ങളും അടിച്ച് കയറിയതിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ പാറക്കല്ലുകൾ നീക്കം ചെയ്ത ശേഷമാണ് വാഹനങ്ങൾക്ക് സർവീസ് നടത്താനായത്.

ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ സമുദ്രതീരത്ത് അടുത്ത കാലത്തെങ്ങും ഇത്രയും ശക്തമായ കടലാക്രമണം ഉണ്ടായിട്ടില്ല.

ആലപ്പാട്ട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. രാജപ്രീയൻ

കടലാക്രമണം തടയാനാകുന്നില്ല

ചെറിയഴീക്കൽ തുറയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന് ശേഷവും മറ്റുള്ള സ്ഥലങ്ങളിൽ സുനാമിക്ക് ശേഷവും കടൽ ഭിത്തികൾ ബലപ്പെടുത്തി സംരക്ഷിക്കാത്തതാണ് തിരമാലകൾ കരയിലേക്ക് അടിച്ച് കയറാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ 45 മീറ്റർ നീളമുള്ള പുലിമുട്ടുകൾ നിർമ്മിച്ചതു കൊണ്ട് കടലാക്രമണം തടയാൻ പറ്റുന്നില്ലെന്നാണ് അനുഭവം പഠിപ്പിക്കുന്നത്. പുലിമുട്ടിന് ഏറ്റവും കുറഞ്ഞത് 100 മീറ്റർ നീളമെങ്കിലും ഉണ്ടാകണമെന്ന് പ്രദേശവാസികൾ പറയുന്നു. പുലിമുട്ടുകൾ നിർമ്മിക്കുന്നതോടൊപ്പം നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തുകയും വേണം. കാലവർഷം ശക്തമല്ലെങ്കിലും കടലാക്രമണം ശക്തമാണ്.

ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിലെ കടലാക്രമണം തടയുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് കഴിഞ്ഞു. ശനിയാഴ്ച കളക്ടറേറ്റിൽ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിൽ ആലപ്പാട്ട് പഞ്ചായത്തിലെ കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ നിലവിലുള്ള കടൽ ഭിത്തികൾ അടിയന്തരമായി ബലപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ ചെറിയഴീക്കൽ തുറയിൽ ഭാഗികമായി തകർന്ന് പോയ കടൽഭിത്തി പുനർ നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ ടെന്റർ നടപടികളും പൂർത്തിയായിട്ടുണ്ട്.

ആർ. രാമചന്ദ്രൻ എം.എൽ.എ