രക്ഷാകർത്താക്കളും കുട്ടികളും ആശങ്കയിൽ
കുന്നത്തൂർ: സ്‌കൂൾ വളപ്പിലെ കൂറ്റൻ മരം വിദ്യാർത്ഥികൾക്ക് ഭീഷണിയാകുന്നതായി പരാതി. കുന്നത്തൂർ തുരുത്തിക്കര ഗവ. എൽ.പി സ്കൂൾ വളപ്പിലെ മരമാണ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്നത്. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലായി ഏകദേശം നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. മരം നിലംപൊത്തിയാൽ വിദ്യാർത്ഥികൾക്ക് അപകടമുണ്ടാകുന്നതിന് പുറമേ പ്രധാന പാതയിലെ ഗതാഗതത്തെയും ദോഷകരമായി ബാധിക്കും. കാലവർഷം ശക്തമായതോടെ രക്ഷാകർത്താക്കളും കുട്ടികളും ആശങ്കയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്കൂളിനു സമീപം മരം പിഴുത് വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തിരുന്നു.
ആക്ഷൻ കൗൺസിൽ
ഭീഷണിയായി മാറിയ മരം മുറിച്ച് നീക്കണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾ പറയുന്നു. അപകട ഭീഷണിയായി മാറിയ മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് രക്ഷാകർത്താക്കളും നാട്ടുകാരും ചേർന്ന് മോഹൻകുമാർ പ്രസിഡന്റായും പ്രേംകുമാർ സെക്രട്ടറിയുമായുള്ള ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.