മൺസൂൺ മാരത്തോൺ മന്ത്രി ഉദ്ഘാടനം ചെയ്തു
കൊല്ലം: സർക്കാർ അധികാരമേറ്റ ശേഷം 700 കോടിയുടെ ലഹരി പദാർത്ഥങ്ങളാണ് സംസ്ഥാനത്ത് പിടിച്ചെടുത്തതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തി, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കൊല്ലത്ത് സംഘടിപ്പിച്ച മൺസൂൺ മാരത്തോണിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോകും. 18000ൽ അധികം മയക്കുമരുന്ന് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. എക്സൈസും പൊലീസും എൻഫോഴ്സ്മെന്റും ശക്തിപ്പെട്ടതിന്റെ ഫലമാണിത്. ലഹരി മാഫിയയുടെ വേരറുക്കാൻ സ്കൂൾ, കോളേജ് തലങ്ങളിൽ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, കളക്ടർ ഡോ.എസ്. കാർത്തികേയൻ, എം. നൗഷാദ് എം.എൽ.എ, കെ. സോമപ്രസാദ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മേയർ വി. രാജേന്ദ്രബാബു, എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ,
അഡി. എക്സൈസ് കമ്മിഷണർമാരായ ഡി. രാജീവ്, സാം ക്രിസ്റ്റി ഡാനിയൽ, ജോയിന്റ് എക്സൈസ് കമ്മിഷണർമാരായ പി.കെ. മനോഹരൻ, കെ.എ. ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.എസ്. സലിംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.