തൊടിയൂർ: കരുനാഗപ്പള്ളി കുന്നത്തൂർ താലൂക്കുകളെയും, തൊടിയൂർ മൈനാഗപ്പള്ളി പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന കാരൂർക്കടവ് പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ മൗനം തുടരുകയാണെന്ന് ആക്ഷേപം. 1981 മാർച്ച് 12നാണ് പാലം ഉദ്ഘാടനം ചെയ്തത്. പാറയും മണ്ണും കടത്തുന്നതിന് നിയന്ത്രണങ്ങളില്ലാതിരുന്ന കാലത്ത് നൂറുകണക്കിൽ വാഹനങ്ങൾ നിത്യവും ഈ പാലത്തിലൂടെ കടന്നു പോയിരുന്നു. പാലം സ്ഥിതി ചെയ്യുന്ന പള്ളിക്കലാറ്റിൽ മുമ്പ് മണലൂറ്റും വ്യാപകമായിരുന്നു. പാലത്തിന്റെ തൂണുകളിൽ വിള്ളലുകൾ വീണിട്ടുണ്ട്. പല ഭാഗങ്ങളും പൊളിഞ്ഞു തുടങ്ങി. പാലത്തിന്റെ പൊളിഞ്ഞ പല ഭാഗങ്ങളിലും കമ്പി പുറത്തു കാണാവുന്ന അവസ്ഥയിലാണ്. വലിയ അപകട ഭീഷണിയുണ്ടായപ്പോൾ അടുത്തിടെ നാട്ടുകാർ കോൺക്രീറ്റ് ഇട്ട് വിടവുകൾ അടച്ചിരുന്നു. ഒരപകടത്തിന് കാത്തിരിക്കാതെ അടിയന്തരമായി പാലത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പരിശോധന നടത്തി ആവശ്യമായ നടപടി കൈക്കൊള്ളാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു
പാലത്തിന്റെ മദ്ധ്യഭാഗത്തെ ചില സ്ഥലങ്ങൾ ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. പടിഞ്ഞാറേ കരയിൽ റോഡും പാലവും സന്ധിക്കുന്ന ഭാഗവും തകർന്നു കിടക്കുകയാണ്. ഇതുവഴി കടന്നു പോകാൻ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. നിരവധി കെ.എസ്.ആർ.ടി.സി , സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്.