ചാത്തന്നൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിൽ മുക്കട രണ്ടാം വാർഡിൽ കരടിമുക്കിലെ സേവാഗ്രാമം വർഷങ്ങളായി പ്രവർത്തനം നിലച്ചതോടെ ചണ്ടി ഡിപ്പോയ്ക്ക് സമാനമാകുന്നു. സേവാഗ്രാമം കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് ദിവസേന നിക്ഷേപിക്കപ്പെടുന്നത്.
കെട്ടിടവും പരിസരവും കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. മഴക്കാലമായതോടെ മാലിന്യം അഴുകി സാംക്രമിക രോഗങ്ങൾ പടരുന്ന അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സർക്കാർ ഉത്തരവ് പ്രകാരം എല്ലാ വാർഡുകളിലും സേവാഗ്രാമം ഓഫീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പൂതക്കുളം ഗ്രാമപഞ്ചായത്തിലും വാർഡുകൾ കേന്ദ്രീകരിച്ച് ഓഫീസുകൾ പ്രവർത്തനമാരംഭിച്ചത്. പഞ്ചായത്ത് അംഗത്തിന്റെ ഓഫീസ് കൂടിയായാണ് ഗ്രാമസേവാ കേന്ദ്രങ്ങൾ. പഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം എല്ലാ മാസവും ഒരു ദിവസം കേന്ദ്രത്തിൽ ഒരു ഉദ്യോഗസ്ഥനെത്തി പ്രദേശവാസികളുടെ കരം കുടിശ്ശിക പിരിവും മറ്റു ആനുകൂല്യങ്ങളുടെ അപേക്ഷകൾ സ്വീകരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ നേതൃത്വം കൊടുക്കേണ്ടതുമാണ്. എന്നാലിപ്പോൾ രണ്ടാം വാർഡിലുള്ളവർ വിവിധ ആവശ്യങ്ങൾക്കായി പൂതക്കുളം പഞ്ചായത്തിൽ നേരിട്ടെത്തേണ്ട സ്ഥിതിയാണ്.
സേവാകേന്ദ്രം ഓഫീസ് പരിസരം വൃത്തിയാക്കി ഓഫീസ് സ്റ്റാഫിനെ നിയമിച്ച് തുറന്നു പ്രവർത്തിപ്പിക്കുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.