photo
വ്യാപാരികൾക്ക് ഭീഷണിയായി മാറിയ പാഴ്മരം

കരുനാഗപ്പള്ളി: മാർക്കറ്റിലെ വ്യാപാരികൾക്ക് അപകട ഭീഷണി ഉയർത്തുന്ന അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മരം മുറിച്ച് മാറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ ആഞ്ഞടിച്ച കാറ്റിൽ വൃക്ഷത്തിന്റെ ശിഖരങ്ങൾ വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്ക് ഒടിഞ്ഞ് വീണിരുന്നു. മാർക്കറ്റിൽ വർഷങ്ങളായി കച്ചവടം നടത്തുന്ന ഗോപാലകൃഷ്ണൻ , കുഞ്ഞുമോൻ എന്നിവരുടെ കടകളുടെ മുകളിലാണ് മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് വീണത്. പൊതുമരാമത്ത് വകുപ്പ് ലേലത്തിൽ വെച്ചാൽ മാത്രമേ മരം മുറിച്ച് മാറ്റാൻ കഴിയുകയുള്ളൂ. മരത്തിന്റെ സമീപത്തായി നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ കച്ചവട സ്ഥാപനങ്ങളെല്ലാം ഭീഷണി നേരിടുകയാണ്. വൃക്ഷം മുറിച്ച് നീക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൊതു മരാമത്ത് വകുപ്പ് അധികൃതർ കൈക്കൊള്ളണമെന്നാണ് വ്യാപാരികളുടെ ആവശ്യം.