പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഒന്നേകാൽ വർഷം ചവിട്ടിപ്പിടിച്ച ഫയലിന് മോചനം
കൊല്ലം: നീണ്ട കാത്തിരിപ്പിനൊടുവിൽ ചരിത്ര പ്രസിദ്ധമായ കല്ലുപാലം പൊളിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി. പുതിയ പാലം നിർമ്മിക്കാനായി കല്ലുപാലം പൊളിച്ചുനീക്കാൻ അനുമതി തേടിയുള്ള ഫയൽ കഴിഞ്ഞ ഒന്നേകാൽ വർഷമായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ ചവിട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് പൂഴ്ത്തിവച്ചിരുന്ന ഫയൽ പൊങ്ങിയത്.
കൊല്ലം - കോവളം ജലപാതയിൽ ചരക്ക് നീക്കത്തിനുള്ള സൗകര്യം വർദ്ധിപ്പിക്കാനാണ് കല്ലുപാലം പൊളിച്ച് പുതിയ പാലം പണിയുന്നത്. ഉൾനാടൻ ജലഗതാഗത വകുപ്പിനാണ് നിർമ്മാണ ചുമതല. പാലം നിർമ്മിക്കാൻ ഒന്നേകാൽ വർഷം മുൻപ് കരാറായെങ്കിലും തങ്ങളുടെ അധീനതയിലുള്ള കല്ലുപാലം പൊളിച്ചുനീക്കാനുള്ള അനുമതിക്കൊപ്പം താൽക്കാലിക ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നതും പൊതുമരാമത്ത് ഉദ്യോഗസ്ഥർ വൈകിപ്പിക്കുകയായിരുന്നു. കളക്ടർ രണ്ട് തവണ പ്രത്യേക യോഗം വിളിച്ച് ചേർത്ത് കർശന നിർദ്ദേശം നൽകിയിട്ടും അനക്കമുണ്ടായില്ല. പുതിയ പാലത്തിന്റെ നിർമ്മാണം വൈകുന്നത് ദേശീയ ജലപാത വഴി അടുത്ത വർഷം ഗതാഗതം ആരംഭിക്കാനുള്ള സർക്കാരിന്റെ സ്വപ്നത്തിനും തിരിച്ചടിയായിരുന്നു. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായാലേ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ഞാങ്കടവ് പദ്ധതിയുടെ പൈപ്പ് ലൈനുകളും ഇതുവഴി സ്ഥാപിക്കാനാകൂ.
ഒരുമാസത്തിനുള്ളിൽ
നിർമ്മാണം ആരംഭിക്കും
ഒരുമാസത്തിനുള്ളിൽ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കും. അതിന് മുൻപായി നിലവിലെ പാലം പൊളിച്ച് നീക്കും. പാലത്തിന്റെ അവശിഷ്ടങ്ങൾ അപ്പപ്പോൾ തന്നെ നീക്കം ചെയ്യും. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. നിർമ്മാണത്തിന് മുന്നോടിയായി കളക്ടറുടെ സാന്നിദ്ധ്യത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് ഗതാഗത ക്രമീകരണത്തിന്റെ രൂപരേഖ തയ്യാറാക്കും.
രണ്ടാഴ്ചയ്ക്കുള്ളിൽ താൽക്കാലിക നടപ്പാലം
കല്ലുപാലം പൊളിച്ചുനീക്കുമ്പോൾ വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടുമെങ്കിലും കാൽനടയാത്രക്കാർക്കായി വലത് വശത്ത് ഇരുമ്പ് നടപ്പാലം നിർമ്മിക്കും. അടുത്തയാഴ്ച ഇതിന്റെ നിർമ്മാണം ആരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.
പുതിയ പാലത്തിന്റെ നീളം: 25 മീറ്റർ
ജലനിരപ്പിൽ നിന്നുള്ള ഉയരം: 5 മീറ്റർ
ജലനിരപ്പിനോട് ചേർന്നുള്ള നീളം:15 മീറ്റർ
പദ്ധതി തുക: 5 കോടി
കരാറായത് : ഒന്നേകാൽ വർഷം മുൻപ്