കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബി.എം. ഷെറീഫ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴയും മലയാള സാഹിത്യവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് വർത്തമാനകാല സമൂഹം ജീവിക്കുന്നതെന്നും ചെറുപ്പക്കാരും വിദ്യാർത്ഥികളും കൂടുതലായി വായനയിലേക്ക് കടന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രന്ഥശാലാ പ്രസിഡന്റ് ജെ. ജയകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. വള്ളിക്കാവ് മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, ലൈബ്രേറിയൻ ബാദുഷാ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.